പാമ്പ്ല –നടുകൊല്ലി റോഡ് നിർമ്മാണം കാരണം വഴി സൗകര്യം നഷ്ടമായവർക്ക് പകരം വഴി നൽകുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: ബത്തേരി തോമാട്ടുചാൽ കോട്ടൂരിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സൈഡ് വാൾ നിർമ്മിച്ചപ്പോൾ ഉന്നതികുടുംബങ്ങൾ ഉൾപ്പെടെയുള്ള വീട്ടുകാർക്ക് ഗതാഗത സൗകര്യം നഷ്ടമായെന്ന പരാതിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വഴി നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവ് കൈപ്പറ്റി രണ്ടു മാസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.

 

പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന പാമ്പ്ല-നടുക്കൊല്ലി തോമാട്ടുചാൽ റോഡ് നിർമ്മാണത്തെകുറിച്ചാണ് പരാതിയെന്നും ഇത് പരിഹരിക്കണമെങ്കിൽ 20 ലക്ഷത്തിലധികം രൂപ ചെലവുണ്ടെന്നും അമ്പലവയൽ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പഞ്ചായത്തിന് തുക കണ്ടെത്താൻ പ്രയാസമാണ്. പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാവുന്നതാണ്. നടുകൊല്ലി കോളനിയിലേക്ക് ഗതാഗത സൗകര്യമുള്ള പാമ്പ്ല-നടുകൊല്ലി റോഡ് നിലവിലുണ്ടെന്നും സെക്രട്ടറി അറിയിച്ചു. റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളം തങ്ങളുടെ കൃഷിയിടത്തിലാണ് പതിക്കുന്നതെന്നും വടുവഞ്ചാൽ സ്വദേശിനി എൻ. ബി. നിഷ സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *