അഗ്രി മെഷിനറി എക്‌സ്‌പോ: കാളവണ്ടി യാത്ര ആസ്വദിച്ച് സന്ദര്‍ശകര്‍

അമ്പലവയല്‍: മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ഉദ്യാന വളപ്പില്‍ കേരള കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിച്ച കാര്‍ഷിക യന്ത്ര പ്രദര്‍ശന മേളയില്‍ സന്ദര്‍ശകരെ ആകര്‍ഷിച്ച് കാളവണ്ടി യാത്ര. യന്ത്രവത്കൃത വിനോദ ഉപാധികളുടെയും ഭീമന്‍ റൈഡുകളുടെയും ബഹളങ്ങള്‍ക്കിടയിയില്‍ കാളവണ്ടി യാത്ര ആസ്വദിക്കുന്ന സന്ദര്‍ശകര്‍ നിരവധി.

വര്‍ണപ്പകിട്ടുള്ള തുണികളും കുപ്പിവളകളും ചെറുമണികളും ഉപയോഗിച്ച് അലങ്കരിച്ച രണ്ട് കാളവണ്ടികളാണ് സവാരിക്ക് ഒരുക്കിയിട്ടുള്ളത്. കഴുത്തില്‍ മണി കിലുക്കി താളത്തില്‍ നീങ്ങുന്ന കാളകളും വണ്ടിക്കാരന്റെ നാടന്‍പാട്ടും യാത്രക്കാരില്‍ പകരുന്നത് പ്രത്യേക അനുഭൂതി. കാളവണ്ടി സവാരി കുട്ടികള്‍ക്ക് കൗതുകം നിറഞ്ഞ പുതിയ അനുഭവമാകുമ്പോള്‍ പഴയ തലമുറയ്ക്ക് കുട്ടിക്കാലത്തേക്കുള്ള മടങ്ങിപ്പോക്കാണ്. മുമ്പ് ഗ്രാമങ്ങളില്‍ സാധാരണമായിരുന്ന കാളവണ്ടികള്‍ ഇന്ന് കാണാനേയില്ല.

വൈകുന്നേരങ്ങളിലാണ് കാളവണ്ടി സവാരിക്ക് തിരക്ക്. ചെറിയ ടിക്കറ്റ് നിരക്കില്‍ മേള നഗരി മുഴുവന്‍ ചുറ്റിക്കാണാന്‍ സവാരിയിലൂടെ സാധിക്കും. സവാരിക്കുശേഷം കാളകള്‍ക്കൊപ്പം ഫോട്ടോ എടുക്കാനും ആളുകള്‍ താത്പര്യം കാട്ടുന്നുണ്ട്. മേയ് 19 വരെയാണ് മേള.

 

Leave a Reply

Your email address will not be published. Required fields are marked *