ഏച്ചോം തുടി മുപ്പതാം വാര്‍ഷികം ആഘോഷം ഏപ്രിൽ 30ന്

കല്‍പ്പറ്റ: വയനാട്ടിലെ ഏച്ചോം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ്(തുടി)മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്നു. തുടി നാട്ടറിവ് പഠന കേന്ദ്രത്തില്‍ മേയ് ഒന്ന് മുതല്‍ മൂന്ന് വരെയാണ് പരിപാടി. ആദിവാസി ഗ്രാമോത്സവവും ഇതോടൊന്നിച്ച് നടത്തുമെന്ന് തുടി ഡയറക്ടര്‍ ഫാ.ആന്റോ എസ്‌ജെ, സംഘാടക സമിതി ഭാരവാഹികളായ ബി. വിനോദ്, സി.കെ.പ്രമിത, എ.കെ. അപ്പു, മുഹമ്മദ് സ്വാലിഹ്, എം.എം. കമല എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

30ന് വൈകുന്നേരം നാലിന് മാതോത്തുപൊയില്‍ ഉന്നതില്‍ മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ കൊടിയേറ്റുന്നതോടെ ഗ്രാമോത്സവത്തിന് തുടക്കമാകും. മേയ് ഒന്നിന് കുട്ടികള്‍ക്ക് കലാകായിക മത്സരങ്ങള്‍ നടത്തും. രാവിലെ 10ന് ഏച്ചോം സര്‍വോയ എച്ച്എസ്എസ് കായികാധ്യാപകന്‍ ജിജോ മത്തായി ഉദ്ഘാടനം ചെയ്യും. മേയ് രണ്ടിന് രാവിലെ 10ന് ‘ജീവിത നൈപുണി’ എന്ന വിഷയത്തില്‍ സെമിനാര്‍ സര്‍വോദയ സ്‌കൂള്‍ ഡയറക്ടര്‍ ഫാ.ബിനു ജോര്‍ജ് എസ്‌ജെ ഉദ്ഘാടനം ചെയ്യും. വിജയ അക്കാദമി പ്രിന്‍സിപ്പല്‍ പി. മധു നേതൃത്വം നല്‍കും. മേയ് മൂന്നിന് രാവിലെ 10ന് വട്ടക്കളി(കയവും കളിയും) മത്സരം ബിന്ദു കല്ലുമല ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് ഏച്ചോത്തുനിന്ന് തുടിയിലേക്ക് ഘോഷയാത്ര. 4.30ന് സാംസ്‌കാരിക സമ്മേളനം പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലയ്ക്കമിറ്റം ഉദ്ഘാടനം ചെയ്യും. കേരള ജസ്യൂട്ട് പ്രൊവിന്‍ഷ്യല്‍ ഫാ.ഹെന്‍ട്രി പട്ടരുമഠത്തില്‍ അധ്യക്ഷത വഹിക്കും. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക പ്രവര്‍ത്തകന്‍ വാസുദേവന്‍ ചീക്കല്ലൂര്‍ ആദിവാസി മൂപ്പന്‍മാരെ ആദരിക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വട്ടക്കളിയില്‍ എ ഗ്രേഡ് നേടിയ ഏച്ചോം സ്‌കൂള്‍ ടീമിനെ അനുമോദിക്കും. സര്‍വോദയ എച്ച്്്എസ്എസ് മാനേജര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍ എസ്‌ജെ, പനമരം പഞ്ചായത്തംഗം ജയലക്ഷ്മി, തുടി മുന്‍ ഡയറക്ടര്‍ ഫാ.ബേബി ചാലില്‍ എസ്‌ജെ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

പനമരം, കോട്ടത്തറ, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നമനം മുന്‍നിര്‍ത്തിയാണ് തുടി പ്രവര്‍ത്തനം. ഗ്രാമോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 17, 18 തീയതികളില്‍ അഖില വയനാട് എസ്‌സി-എ്‌സ്ടി ഫുട്‌ബോള്‍ ടൂര്‍ണമെന്റും വിമുക്തി ജില്ലാ മിഷന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *