പ്രതിഷേധ സദസ് സംഘടിപ്പിച്ചു

കല്‍പറ്റ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യുക, സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക, കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എഐഡിആർഎം, ബികെഎംയു, ആദിവാസി മഹാസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൽപറ്റ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു.

 

അഖിലേന്ത്യാ ആദിവാസി മഹാസഭ സംസ്ഥന ട്രഷറര്‍ ടി മണി ഉദ്ഘാടനം ചെയ്തു. ജാതി വിവേചനത്തിന്റെ പേരില്‍ കുട്ടികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന മാനേജ്മെന്റ് ഭീകരതക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംഭവം നടന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്ന പൊലിസ് നടപടി ദൂരൂഹമാണ്. പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിക്കാന്‍ പൊലിസ് കൂട്ടുനില്‍ക്കുകയാണ്. ഒരു കുടുംബത്തിന്റെ അത്താണിയാണ് നിതിനിലൂടെ നഷ്ടപ്പെട്ടത്.

 

പണത്തിന്റെയും നിറത്തിന്റേയും പേരില്‍ ഒരു വിദ്യാര്‍ഥി പോലും പഠനം അവസാനിപ്പിക്കുന്ന സഹചര്യം ഉണ്ടാകരുത്. മറ്റ് പല കോളേജുകളിലും സമാന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബികെഎംയു ജില്ലാ പ്രസിഡന്റ് എം വി ബാബു അധ്യക്ഷത വഹിച്ചു.

 

സി.പി.ഐ ജില്ലാ എക്സി. അംഗം വി യൂസഫ്, എഐഡിആര്‍എം സംസ്ഥാന ജോ സെക്രട്ടറി സൗമ്യ എസ്, ആദിവാസി മഹാസഭ ജില്ലാ സെക്രട്ടറി എ ഒ ഗോപാലന്‍, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ് അമ്മാത്തുവളപ്പില്‍ കൃഷ്ണകുമാര്‍, അബൂബക്കര്‍ കണിയാമ്പറ്റ, ജി മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. പി എ സാബു, എസ് വിക്രമന്‍, റിയാസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *