വയനാട്ടില്‍ ജിയോ സിം ആക്ടിവേഷന്‍ റിട്ടെയിലര്‍മാര്‍ നിര്‍ത്തിവച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ ജിയോ സിം ആക്ടിവേഷന്‍ റിട്ടെയിലര്‍മാര്‍ നിര്‍ത്തിവച്ചു. ജിയോയില്‍നിന്ന് എയര്‍ടെല്‍, വി, ബിഎസ്എന്‍എല്‍ എന്നീ നെറ്റ്‌വര്‍ക്കുകളിലേക്ക് സൗജന്യ പോര്‍ട്ടിംഗ് പ്രഖ്യാപിച്ചു. തങ്ങളെ മുന്നില്‍നിര്‍ത്തി ജിയോ കമ്പനി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണിതെന്ന് മൊബൈല്‍ ഫോണ്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ജില്ലാ രക്ഷാധികാരി വി.പി. ഇസ്മയില്‍, പ്രസിഡന്റ് സുല്‍ഫീക്കര്‍ പാറവീട്ടില്‍, വൈസ് പ്രസിഡന്റ് പി.പി. ഷംസുദ്ദീന്‍, ജില്ലാ കമ്മിറ്റിയംഗം എം. പ്രദീപ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

 

299 രൂപയില്‍ താഴെ തുകയ്ക്ക് റീ ചാര്‍ജിംഗ് ചെയ്യുന്ന റീട്ടെയിലര്‍മാരുടെ ഏജന്‍സി ഐഡി വിച്ഛേദിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ജിയോ കമ്പനി ഉദ്യോഗസ്ഥര്‍. 349 ഉം അതിനു മുകളിലും രൂപയുടെ റീ ചാര്‍ജ് ചെയ്യാന്‍ റീട്ടെയിലര്‍മാരെ നിര്‍ബന്ധിക്കുകയാണ്. ജിയോ പോസ് ആപ്പിലൂടെ കുറഞ്ഞ തുകയുടെ റീ ചാര്‍ജ് ചെയ്യുന്നവരുടെ ഏജന്‍സി ഐഡിയാണ് വിച്ഛേദിക്കുന്നത്. കുറഞ്ഞ തുകയ്ക്കുള്ള റീ ചാര്‍ജ് ചെയ്യില്ലെന്ന് ഉറപ്പുനല്‍കുന്നവരുടെ ഐഡി മാത്രമാണ് പുനഃസ്ഥാപിക്കുന്നത്.

 

സംസ്ഥാനത്തെ സിം ഉപഭോക്താക്കളില്‍ 40 ശതമാനം ജിയോ വരിക്കാരാണ്. ജിയോയുടെ ചുഷണപാത ഭാവിയില്‍ മറ്റ് നെറ്റ് വര്‍ക്കുകളും പിന്തുടരാന്‍ സാധ്യത ഏറെയാണ്. ഇക്കാര്യത്തില്‍ അസോസിയേഷന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 350ല്‍പരം ജിയോ വരിക്കാന്‍ ഇതര നെറ്റ് വര്‍ക്കുകളിലേക്ക് മാറിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *