കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ വിപുലമായ യോഗം തിരഞ്ഞെടുപ്പിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്ഷന്‍ കമ്മിറ്റിയില്‍ അംഗങ്ങളായ വിവിധ സംഘടന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. പശ്ചിമഘട്ട സംരക്ഷണ സമിതി, സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, പൂഴിത്തോട് ബദല്‍ റോഡ് ആക്ഷന്‍ കമ്മിറ്റി ആക്ഷന്‍ കമ്മിറ്റി, വയനാട് ചേംബര്‍ ഓഫ് കൊമേഴ്സ്, വടക്കനാട് ഗ്രാമ സംരക്ഷണ സമിതി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, എന്നീ സംഘടനകളുടെ പ്രതിനിധികളും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്നിവരും ആണ് യോഗത്തില്‍ പങ്കെടുത്തത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി.ഡി സതീശന് വയനാട്, കാസര്‍കോട് മെഡിക്കല്‍ കോളേജുകള്‍ക്ക് മുഖ്യ പരിഗണന നല്‍കുമെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മെഡിക്കല്‍ കോളേജ് സംബന്ധിച്ച കാര്യങ്ങളില്‍ പുനഃ പരിശോധന ഉണ്ടാകുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളോട് ഉറപ്പു പറഞ്ഞിരുന്നതാണ്. എംഎല്‍എ മാരായ സിദ്ദിഖ്, ഐസി ബാലകൃഷ്ണന് എന്നിവരും വയനാട് മെഡിക്കല്‍ കോളേജ് സര്‍ക്കാരിന് ചന്ദ്രപ്രഭ ട്രസ്റ്റില്‍ നിന്നും ദാനമായി കിട്ടിയ ഭൂമിയില്‍ കൊണ്ടുവരുന്നതിനോട് അനുകൂല നിലപാട് എടുത്തിരുന്നതാണ്. വയനാട് ജില്ലയില്‍ യുഡിഎഫിന് തിളക്കമാര്‍ന്ന വിജയം ലഭിച്ചതിന് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിച്ചതായി യോഗം വിലയിരുത്തി. ജനവികാരം ഉള്‍ക്കൊണ്ട് പുതിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ജില്ലാ ആസ്ഥാനമായ മടക്കിമലയില്‍ സ്ഥാപിക്കുന്നതിനുള്ള സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതീക്ഷ പ്രകടിപ്പിച്ചു. താല്‍ക്കാലികമായി മാത്രം മാനന്തവാടിയില്‍ പ്രവര്‍ത്തന അനുമതി ലഭിച്ചെങ്കിലും മെഡിക്കല്‍ കോളേജ് തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് ആയിട്ടുള്ള യാതൊരു നടപടിയും മുന്‍ സര്‍ക്കാര്‍ ചെയ്തിരുന്നില്ല. അമ്പുകുത്തിയിലെ വനഭൂമി വിട്ടുകൊടുക്കുന്നതിനുള്ള ഉത്തരവ് മുന്‍പ് ഇറക്കിയെങ്കിലും ഇതിന് കേന്ദ്ര വന- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള അപേക്ഷ പോലും നല്‍കിയിരുന്നില്ല എന്നതാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. കാര്യങ്ങള്‍ ഈ നിലയ്ക്ക് പോയാല്‍ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്തിലാകുകയും തുടര്‍ ബാച്ചുകളിലേക്കുള്ള പ്രവേശനവും അസാധ്യമാകും. അതിനാല്‍ പുതിയ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ ഉണ്ടാ വേണ്ടുന്നതും മുന്‍ സര്‍ക്കാര്‍ ഈ വിഷയത്തില്‍ കൈക്കൊണ്ടപൊള്ളയായ കള്ളങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ടതുമാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ മുന്‍ ഉത്തരവ് പ്രകാരം മടക്കി മലയിലെ ഭൂമിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിന് നിയമപരമായോ, പരിസ്ഥിതി സംബന്ധിച്ചോ യാതൊരു തടസ്സങ്ങളും ഇല്ല. ഈ സാഹചര്യത്തില്‍ മുന്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ തിരുത്തി വയനാട് മെഡിക്കല്‍ കോളേജ് മടക്കിമല ഭൂമിയില്‍ തുടങ്ങുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റിയുടെ സമ്പൂര്‍ണ്ണ യോഗം ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ സമിതി ജില്ലാ പ്രസിഡൻ്റ് കെ എന്‍ പ്രേമലതയുടെ അധ്യക്ഷതയില്‍ യോഗം രക്ഷാധികാരി അഡ്വ. വി പി എല്‍ദോ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ വി ഗോകുല്‍ദാസ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെയര്മാന് ഡോക്ടര്‍ എം ബാലകൃഷ്ണന്, വിവിധ ആക്ഷന്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് നാസീര്‍ പാലൂര്, കോട്ടത്തറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി പി റനീഷ്, ജോണി പാറ്റാനി,പി. ബെന്നി വര്‍ക്കി, കരുണാകരന് എം കെ, ശിവദാസ് എ പി, വര്‍ഗീസ് വട്ടേക്കാട്, വാസുദേവന്‍ വി പി മടക്കിമല, കബീര്‍ പൈക്കാടന്‍, എം വസന്ത, ബിജു പുളക്കര, ഫാത്തിമ സുഹറ, എന്നിവരും സി എച്ച് സജിത് കുമാര്‍ നന്ദി രേഖപ്പെടുത്തി.
