സ്വപ്നസമാനമായ പദ്ധതികളുമായി കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തും: മന്ത്രി അഡ്വ. ടി സിദ്ദിഖ്

സ്വപ്നസമാനമായ പദ്ധതികളുമായി കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തും: മന്ത്രി അഡ്വ. ടി സിദ്ദിഖ്

കാഞ്ഞിരത്തിനാല്‍ സമരം: പത്തുദിവസത്തിനകം പ്രഥമിക ചര്‍ച്ച നടത്തും
ദുരന്തബാധിത മേഖലയില്‍ രാഷ്ട്രീയ വിവേചനമുണ്ടാവില്ല

കല്‍പ്പറ്റ: സ്വപ്‌നസമാനമായ പദ്ധതികളും പരിപാടികളുമായി വയനാട്ടിലെയും കേരളത്തിലെയും കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ടുപോകുമെന്ന് കൃഷിമന്ത്രി അഡ്വ. ടി സിദ്ദിഖ്. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിവകുപ്പില്‍ സമയബന്ധിതമായി നടപടികളുണ്ടാകും. മഴ തുടങ്ങുന്നതിന് മുമ്പ് തന്നെ നെല്ലുകള്‍ സംഭരിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. വയനാട് വയല്‍നാടാണ്. കര്‍ഷകന്റെ വിയര്‍പ്പിന്റെ ഗന്ധമുള്ള നാടാണിത്, ഈ നാട്ടിലെ കര്‍ഷകരെ സഹായിക്കാന്‍ എന്തെല്ലാം ചെയ്യാനാവുമോ അതെല്ലാം ചെയ്യും. ഒരു വശത്ത് വന്യമൃഗശല്യം, മറ്റൊരു വശത്ത് വിളനാശം എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്നുണ്ട്. ഇവയെല്ലാം പരിഹരിക്കുന്നകിനായി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകും. കാര്‍ഷികമേഖല ആദായകരമായി മാറ്റിയാല്‍ വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ കയറ്റുമതി വലിയ തോതില്‍ വര്‍ധിപ്പിക്കാനാവും. അത് കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആദ്യത്തെ ക്യാബിനറ്റില്‍ തന്നെ അവതരിപ്പിച്ചു. അടുത്ത ക്യാബിനറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത് ക്യാബിനറ്റ് കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണ്‍ഷിപ്പിലും, ദുരന്തമേഖലകളിലുമെല്ലാം ഉടന്‍ സന്ദര്‍ശനം നടത്തും. നിലവിലുള്ള പേരായ്മകള്‍ മനസിലാക്കി അത് സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളുണ്ടാവും. 178 വീടുകള്‍ മാത്രമല്ല, ബാക്കി കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ദുരന്തമേഖലയിലെ കൃശിഭൂമിയുമായി എന്തു ചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ആലോചന നടത്തണം. ദുരന്തബാധിതരുടെ തുടര്‍ചികിത്സ, മാനദണ്ഡങ്ങളുടെ പേരില്‍ ഗുണഭോക്തൃപട്ടികയില്‍ നിന്നും പുറത്തായവരുടെ കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കാനുള്ള ഉത്തരവാദിത്വം ഒരുമിച്ച് ഒറ്റക്കെട്ടായി പൂര്‍ത്തിയാക്കും. യു ഡി എഫ് ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ ദുരന്തബാധിത മേഖലയില്‍ രാഷ്ട്രീയ വിവേചനം ഉണ്ടാവില്ല. ഒരു പരിപാടി നടക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ എം എല്‍ എയോ ജനപ്രതിനിധികളോ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഒരു ചെറുതരി പോലും അപമാനിതരാകുന്ന സാഹചര്യം യുഡിഎഫ് വേദിയിലുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
വന്യമൃഗശല്യവുമായി ബന്ധപ്പെട്ട് വനംമന്ത്രിയുമായി ചര്‍ച്ച നടത്തിയതിനൊപ്പം വയനാട് സിവില്‍സ്റ്റേഷന് മുമ്പില്‍ സമരം നടത്തുന്ന കാഞ്ഞിരത്തിനാല്‍ ജെയിംസിന്റെ കാര്യവും നേരിട്ട് സംസാരിച്ചിരുന്നു. അത് പരിഹരിക്കാന്‍ എങ്ങനെ സാധിക്കുമെന്നത് പത്തുദിവസത്തിനകം പ്രാഥമിക ചര്‍ച്ച നടത്തും. അതുമായി ബന്ധപ്പെട്ടുള്ള പ്രയാസങ്ങള്‍ പരിഹരിക്കാന്‍ എന്തു ചെയ്യാനാവുമെന്ന് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. വയനാടിന്റെ കാതലായ പ്രശ്‌നങ്ങള്‍ ഓരോരോന്നായി പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ഹൃദയത്തില്‍ തട്ടുന്ന സ്വീകരണം നല്‍കിയതിനുള്ള നന്ദിയും കടപ്പാടും അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയോദകമണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ സലീംമേമന അധ്യക്ഷനായിരുന്നു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. കെ കെ അഹമ്മദ്ഹാജി, ഉഷാവിജയന്‍ എം എല്‍ എ, പി പി ആലി, എന്‍ ഡി അപ്പച്ചന്‍, ടി മുഹമ്മദ്, എച്ച് ബി പ്രദീപ്മാസ്റ്റര്‍, പി ടി ഗോപാലകുറുപ്പ്, എന്‍ കെ റഷീദ്, ചന്ദ്രികാകൃഷ്ണന്‍, ബി സുരേഷ്ബാബു, പോള്‍സണ്‍ കൂവക്കല്‍, ടി ഹംസ, യഹ്യാഖാന്‍ തലക്കല്‍, എം എ ജോസഫ്, സി ജയപ്രസാദ്, മാണി ഫ്രാന്‍സിസ്, കെ പി പോക്കര്‍ഹാജി, പി കെ അബ്ദുറഹ്‌മാന്‍, പ്രവീണ്‍ തങ്കപ്പന്‍, എം സി സെബാസ്റ്റ്യന്‍, ജോസ് കളപ്പുരക്കല്‍, ഹര്‍ഷല്‍ കോന്നാടന്‍, അരുണ്‍വേദന്‍, നവാസ്, ശിഹാബ്, കെ കെ ഹനീഫ, ശോഭനാകുമാരി, ജി വിജയമ്മ ടീച്ചര്‍, ബിനുതോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *