എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ല കൈവരിച്ച മികച്ച വിജയത്തില്‍ പങ്കാളികളായ മുഴുവന്‍ വിദ്യാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വയനാട് ജില്ലാ വിദ്യാഭ്യാസ സമിതി അഭിനന്ദിച്ചു. വിജയശതമാനം ഉയര്‍ത്തുന്നതിനൊപ്പം പുതിയ അക്കാദമിക വര്‍ഷത്തില്‍ വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതില്‍ സജീവമായ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സമിതി യോഗം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സല്‍മാ മോയി ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം അക്കാദമിക നിലവാരം ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ അനിവാര്യമാണെന്ന് അവര്‍ പറഞ്ഞു.
ജൂണ്‍ ഒന്നിന് പെരിക്കല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പ്രവേശനോത്സവം ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാതല പ്രവേശനോത്സവവും വിദ്യാലയങ്ങളില്‍ നടത്തുന്ന വിജയോത്സവവും പൂര്‍ണ്ണമായ സാമൂഹിക പങ്കാളിത്തത്തോടെ വന്‍ വിജയമാക്കാന്‍ മുഴുവന്‍ പൊതുജനങ്ങളും രംഗത്തിറങ്ങണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ജില്ലയില്‍ നടന്ന വിവിധ കലോത്സവങ്ങള്‍, കായികമേളകള്‍, ശാസ്ത്രമേളകള്‍ എന്നിവയുടെ വരവ് ചെലവ് കണക്കുകള്‍ യോഗം പരിശോധിച്ച് അംഗീകാരം നല്കി.
യോഗത്തില്‍ വിദ്യാഭ്യാസ സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, അധ്യാപകര്‍, സംഘടന പ്രതിനിധികള്‍, വിവിധ ക്ലബ്ബ് കണ്‍വീനര്‍മാര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
