മേപ്പാടി: കള്ളാടിയിൽ കാട്ടാന ആക്രമണത്തിൽ പുത്തുമല സ്വദേശി ജെസ്സി മരണപ്പെട്ട സംഭവം അതീവ ദുഃഖകരവും ആശങ്കാജനകവുമാണെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. രാവിലെ ഭർത്താവിനൊപ്പം സ്കൂട്ടറിൽ ജോലിക്ക് പോകുന്നതിനിടെയാണ് ജെസ്സി കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
മണ്ഡലത്തിൽ വർധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് ജെസ്സിയെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിരന്തരം ജീവനുകൾ പൊലിയുകയും വൻതോതിൽ കൃഷിനാശമുണ്ടാകുകയും ചെയ്തിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ പരാജയപ്പെട്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.
വനാതിർത്തി പ്രദേശങ്ങളിൽ സ്ഥിരമായ സുരക്ഷാ സംവിധാനങ്ങൾ, ആധുനിക മുന്നറിയിപ്പ് സംവിധാനങ്ങൾ, മതിയായ വനപാലകരുടെ വിന്യാസം, അപകട മേഖലകളിൽ ശക്തമായ നിരീക്ഷണം എന്നിവ അടിയന്തരമായി നടപ്പാക്കണം. കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക പ്രവർത്തന പദ്ധതി തയ്യാറാക്കാൻ സർക്കാർ തയാറാകണം. മരണപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും അടിയന്തര ധനസഹായവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട മണ്ഡലം കമ്മിറ്റി, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
