കല്‍പ്പറ്റ: വയനാട് ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം കല്‍പ്പറ്റയ്ക്കു സമീപം മടക്കിമലയില്‍ നടത്താന്‍ സര്‍ക്കാരില്‍ സമ്മര്‍ദം. സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ സെന്ററുമായി(എസ്എച്ച്ആര്‍പിസി)
ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ കമ്മിറ്റിക്കു പുറമേ വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ, ബത്തേരി, പുല്‍പ്പള്ളി യൂണിറ്റുകളും മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും നേരില്‍ കാണാനും മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുമുള്ള നീക്കത്തിലാണ് ആക്ഷന്‍ കമ്മിറ്റി. അതേസമയം മെഡിക്കല്‍ കോളജ് മാനന്തവാടിയില്‍ തുടരണമെന്നും അമ്പുകുത്തിയില്‍ വനം വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമി പകരം സ്ഥലം വനവത്കരണത്തിന് നല്‍കി ഏറ്റെടുത്ത് നിര്‍മാണം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് ഗവ.മെഡിക്കല്‍ കോളജ്. പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്ഥാപനം പൂര്‍ണ അര്‍ഥത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ല. സ്ഥിരനിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കാന്‍ കഴിയാത്തതാണ് ഈ ദുരവസ്ഥയ്ക്കു കാരണം. മാനന്തവാടിയിലാണ് നിലവില്‍ മെഡിക്കല്‍ കോളജ്. 2021 ഫെബ്രുവരി 12ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് മാനന്തവാടി ജില്ലാ ആശുപത്രി താത്കാലികമായി മെഡിക്കല്‍ കോളജ് ആശുപത്രിയായി ഉയര്‍ത്തിയത്. മെഡിക്കല്‍ കമ്മീഷന്‍ അംഗീകാരം നേടി എംബിബിഎസ് കോഴ്സും ഇവിടെ ആരംഭിച്ചിട്ടുണ്ട്.
ഗവ.മെഡിക്കല്‍ കോളജ് കോട്ടത്തറ വില്ലേജിലെ മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ഉപാധികളോടെ സൗജന്യമായി വിട്ടുകൊടുക്കാന്‍ തയാറായ 50 ഏക്കര്‍ കാപ്പിത്തോട്ടത്തില്‍ സ്ഥാപിക്കാനായിരുന്നു നേരത്തേ സര്‍ക്കാര്‍ തീരുമാനം. ചന്ദ്രപ്രഭ ട്രസ്റ്റിന്റെ ഭൂദാനം സ്വീകരിച്ച് 2013 ഒക്ടോബര്‍ ഒന്നിനാണ് ജിഒ(എംഎസ്)നമ്പര്‍ 401/2013/എച്ച് ആന്‍ഡ് എഫ് ഡബ്ല്യൂഡി നമ്പറായി ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍(എസ്)വകുപ്പ് ഉത്തരവിറക്കിയത്. ട്രസ്റ്റിന്റെ കൈവശത്തിലുള്ള ഭൂമിയില്‍ 50 ഏക്കര്‍ മെഡിക്കല്‍ കോളജിന് ദാനമായി സ്വീകരിക്കാന്‍ തീരുമാനിച്ചും ഈ ഭൂമിയിലെ മരങ്ങള്‍ മുറിക്കാന്‍ ട്രസ്റ്റിനെ അനുവദിച്ചും 2015 ജനുവരി 24നാണ് ജിഒ(എംഎസ്) 42/2015/ആര്‍ഡി നമ്പറായി റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയത്.
2015 ജൂലൈ 14നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വയനാട് മെഡിക്കല്‍ കോളജിനു ശിലയിട്ടത്. ചന്ദ്രപ്രഭ ട്രസ്റ്റ് ദാനംചെയ്ത ഭൂമിയില്‍നിന്നു ഏഴര കിലോ മീറ്റര്‍ അകലെ എസ്‌കെഎംജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു തറക്കല്ലിട്ടത്. മെഡിക്കല്‍ കോളജിനു ലഭിച്ച 50 ഏക്കറില്‍ 25 ഏക്കര്‍ വേര്‍തിരിച്ച് 3,000 കോടി രൂപ മുതല്‍മുടക്കില്‍ മെഡിസിറ്റി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അന്ന് പ്രഖ്യാപിക്കുകയുമുണ്ടായി.
ഇതിനുപിന്നാലെ കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നു മെഡിക്കല്‍ കോളജ് ഭൂമിയിലേക്കുള്ള റോഡ് നിര്‍മാണം ഭാഗികമായി പൂര്‍ത്തിയാക്കി. എന്നാല്‍ 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ മടക്കിമലയിലെ ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്തേണ്ടെന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. മടക്കിമലയിലെ ഭൂമി പ്രകൃതിദുരന്ത സാധ്യതാമേഖലയിലാണെന്നു പറഞ്ഞായിരുന്നു ഇത്. ഭൂമി മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു ഉപയോഗപ്പെടുത്താത്ത സാഹചര്യത്തില്‍ തിരികെ കിട്ടുന്നതിനു ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സ്ഥലം 2020 ജനുവരി 20നു ട്രസ്റ്റിനു വിട്ടുകൊടുത്ത് ഹൈക്കോടതി ഉത്തരവായി. സംസ്ഥാന സര്‍ക്കാര്‍, റവന്യു സെക്രട്ടറി, ആരോഗ്യ-കുടുംബക്ഷേമ സെക്രട്ടറി, ജില്ലാ കളക്ടര്‍, മാനന്തവാടി സബ് കളക്ടര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്ന ട്രസ്റ്റിന്റെ കേസ്. വിധി ട്രസ്റ്റ് നടത്തിയെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
മടക്കിമല ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മിക്കേണ്ടെന്നു തീരുമാനിച്ച സര്‍ക്കാര്‍ ചുണ്ടേലിനു സമീപം ഭൂമി കണ്ടെത്താനും മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് വിലയ്ക്കുവാങ്ങി ഗവ.മെഡിക്കല്‍ കോളജാക്കാനും നീക്കം നടത്തിയിരുന്നു. ഇത് വിഫലമായിരിക്കേയാണ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തി ഉത്തരവിറക്കിയത്. പിന്നീട് മാനന്തവാടിയില്‍നിന്നു 13 കിലോമീറ്റര്‍ അകലെ ബോയ്‌സ്ടൗണില്‍ ഗ്ലെന്‍ലെവന്‍ എസ്റ്റേറ്റില്‍നിന്നു മുമ്പ് ഏറ്റെടുത്ത 65 ഏക്കര്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിനു പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ബോയ്സ് ടൗണിലെ ഭൂമി മെഡിക്കല്‍ കോളജിനു അനുവദിച്ച് 2022 മാര്‍ച്ച് 19നു ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ നിയമ, സാങ്കേതിക തടസം മൂലം മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്താനായില്ല. കണ്ണൂര്‍ ജില്ലാ അതിര്‍ത്തിയോടുചേര്‍ന്നുള്ള ബോയ്സ ടൗണില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതില്‍ തെക്കേ വയനാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റ് ഭൂമിയില്‍ മെഡിക്കല്‍ കോളജ് നിര്‍മാണം നടക്കില്ലെന്നു വ്യക്തമായതോടെയാണ് വേറെ ഭൂമി കണ്ടെത്തുന്നതിന് നീക്കം ആരംഭിച്ചതും ഇപ്പോള്‍ അമ്പുകുത്തിയിലെ വന ഭൂമിയില്‍ എത്തിനില്‍ക്കുന്നതും.
അമ്പുകുത്തിയിലെ ഭൂമി മെഡിക്കല്‍ കോളജിന് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടെങ്കിലും സ്ഥലം വിട്ടുകിട്ടുന്നതിന് ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിന് അപേക്ഷ നല്‍കിയിരുന്നില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു. മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പുലഭിക്കുന്നപക്ഷം മടക്കിമലയിലെ ഭൂമി ഉപാധികളോടെ സര്‍ക്കാരിന് വീണ്ടും വിട്ടുകൊടുക്കാനുള്ള സന്നദ്ധത ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളെ ചന്ദ്രപ്രഭ ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് ആക്ഷന്‍ കമ്മിറ്റി നീക്കം.
