കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ‘വിജയോത്സവം 2026’ അനുമോദന പരിപാടിയുടെ മറവിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങൾ സ്വകാര്യ എൻട്രൻസ് കോച്ചിംഗ് ലോബികൾക്ക് ചോർത്തി നൽകിയതായും ഔദ്യോഗിക വേദി കച്ചവട പരസ്യത്തിനായി ദുരുപയോഗം ചെയ്തതായും രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡണ്ട് പി പി ഷൈജൽ ആരോപിച്ചു.
രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടിയുടെ ആദ്യത്തെ മൂന്ന് മണിക്കൂറിലധികം സമയവും സ്വകാര്യ കോച്ചിംഗ് സെന്ററിന്റെ കച്ചവട ക്യാൻവാസിംഗിനായി ഔദ്യോഗിക സംവിധാനങ്ങൾ വിട്ടുനൽകി.
വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി സർക്കുലർ ഇറക്കി പൂർണ്ണ പിന്തുണ നൽകിയ ഒരു പൊതു പരിപാടിയിലാണ് ഈ വൻ ഡാറ്റാ കച്ചവടവും പരസ്യ മാമാങ്കവും നടന്നിരിക്കുന്നത്.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളുടെ കൃത്യമായ വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ പക്കൽ ലഭ്യമായിരിക്കെ, ഗൂഗിൾ ഫോം വഴിയുള്ള പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കിയത് തന്നെ ഈ സ്വകാര്യ സ്ഥാപനത്തിന് ഡാറ്റ കൈമാറാനായിരുന്നു.
ഈ സ്ഥാപനത്തിൽ ചേർന്നാലുള്ള മെച്ചങ്ങൾ വിശദീകരിക്കാനും, ജില്ലയിലെ തങ്ങളുടെ സെന്ററുകളിലേക്ക് കുട്ടികളെ ക്ഷണിക്കാനും, കച്ചവട ബ്രോഷറുകൾ വിതരണം ചെയ്യാനുമായി ഔദ്യോഗിക അനുമോദന ചടങ്ങിനെ മാറ്റിയെടുത്തത് അങ്ങേയറ്റം ലജ്ജാകരമാണ്.
മുൻ വർഷങ്ങളിൽ ടി. സിദ്ദിഖ് എം.എൽ.എ. വ്യക്തിപരമായി നടത്തിയ സമാനമായ അനുമോദന ചടങ്ങുകളിലും ഇതേ സ്വകാര്യ കോച്ചിംഗ് സ്ഥാപനത്തെത്തന്നെയാണ് സ്പോൺസറായി പങ്കാളിത്തം നൽകിയിരുന്നത് എന്നത് ഈ കൂട്ടുകെട്ടിന് പിന്നിലെ ആസൂത്രിത നീക്കങ്ങളെ കൂടുതൽ സംശയനിഴലിലാക്കുന്നു.
വർഷങ്ങളായി തുടരുന്ന ഈ രീതി ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക പരിപാടിയിലേക്കും വ്യാപിപ്പിച്ച്, പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഒരു ഭരണഘടനാ സ്ഥാപനത്തെ സ്വകാര്യ ലോബികൾക്ക് വിദ്യാർത്ഥികളുടെ ഡാറ്റ വേട്ടയാടാനും (Data Mining) വേദി പങ്കിടാനുമുള്ള കച്ചവട കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്.
വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ ഇത്തരമൊരു ബിസിനസ്സ് ലോബിക്ക് ചോർന്നു കിട്ടാൻ ഇടയാക്കിയ സ്പോൺസർഷിപ്പ് ഇടപാടുകളെക്കുറിച്ചും, മണിക്കൂറുകളോളം പൊതുവേദി പരസ്യത്തിനായി വിട്ടുനൽകിയ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും സമഗ്രമായ വിജിലൻസ് അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ യുവജനതാദൾ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമനടപടികൾക്കും നേതൃത്വം നൽകും.
