കൽപ്പറ്റ: ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ നേതൃത്വത്തിൽ, കീസ്റ്റോൺ ഫൗണ്ടേഷന്റെയും ടാപ്കോ (TAPCO) അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെയും സഹകരണത്തോടെ വയനാട് പ്രീ-മൺസൂൺ യോഗം സംഘടിപ്പിച്ചു. കാലാവസ്ഥാ വ്യതിയാനം, മൺസൂൺ മുന്നൊരുക്കങ്ങൾ, കാർഷിക മേഖലയുടെ തയ്യാറെടുപ്പുകൾ, ദുരന്തസാധ്യതകൾ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായിരുന്ന
പരിപാടിയിൽ 2025–26 വയനാട് കാലാവസ്ഥാ റിപ്പോർട്ടും പ്രകാശനം ചെയ്തു.
ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ജനകീയ കാലാവസ്ഥാ നിരീക്ഷണ സംവിധാനത്തിലൂടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലയെ 25 ചതുരശ്ര കിലോമീറ്റർ വീതമുള്ള 108 ഗ്രിഡുകളായി തിരിക്കുകയും ശേഖരിച്ച ഹൈപ്പർ-ലോക്കൽ കാലാവസ്ഥാ വിവരങ്ങൾ ഉപയോഗിച്ച് മഴയുടെ വിതരണരീതി, തീവ്രത, പ്രാദേശിക വിന്യാസം , താപനിലയിലെ വിന്യാസം എന്നിവ വിശദമായി വിശകലനം ചെയ്തു.
2025 മെയ് 24-ന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ ജില്ലയിൽ വ്യാപകവും അതിതീവ്രവുമായ മഴ ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തൊണ്ടർനാട്, തവിഞ്ഞാൽ, വെള്ളമുണ്ട, വൈത്തിരി, മേപ്പാടി തുടങ്ങിയ പടിഞ്ഞാറൻ മലയോര മേഖലകളിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്.
2025–26 കാലയളവിൽ ജില്ലയിലെ ഏറ്റവും കൂടുതൽ വാർഷിക മഴ തൊണ്ടർനാട് പഞ്ചായത്തിലെ മട്ടിലയം പ്രദേശത്ത് 6672 മില്ലീമീറ്ററും, രണ്ടാമതായി വൈത്തിരി പഞ്ചായത്തിലെ ലക്കിടി പ്രദേശത്ത് 6264 മില്ലീമീറ്ററും രേഖപ്പെടുത്തി. അതേസമയം, ജില്ലയിലെ ഏറ്റവും കുറഞ്ഞ വാർഷിക മഴ മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി പ്രദേശത്ത് 724 മില്ലീമീറ്റർ മാത്രമാണ് ലഭിച്ചത്. പടിഞ്ഞാറൻ ഉയർന്ന മലനിര മേഖലകളും കിഴക്കൻ മഴനിഴൽ പ്രദേശങ്ങളും തമ്മിലുള്ള മഴയിലെ വലിയ വ്യത്യാസം ഈ കണക്കുകൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട് പറയുന്നു.
2025–26 കാലയളവിൽ വയനാട്ടിൽ മൺസൂൺ മാസങ്ങളിൽ തണുത്ത കാലാവസ്ഥയും വേനൽക്കാലത്ത് കൂടുതൽ ചൂടും അനുഭവപ്പെട്ടു. ജൂലൈ മാസത്തിലാണ് ജില്ലയിലെ ഏറ്റവും കുറഞ്ഞ ശരാശരി ഉയർന്ന താപനില (24.4°C) രേഖപ്പെടുത്തിയത്. ഏപ്രിൽ 2026 ഏറ്റവും ചൂടേറിയ മാസമായിരുന്നു, ജില്ലയിലെ ശരാശരി ഉയർന്ന താപനില 32.9°C ആയി രേഖപ്പെടുത്തി. ഡിസംബർ മാസത്തിൽ ചില പ്രദേശങ്ങളിൽ താപനില 14°C വരെ താഴ്ന്നു. ഭൂപ്രകൃതി, ഉയര വ്യത്യാസങ്ങൾ, വനാവരണം, മൈക്രോക്ലൈമാറ്റിക് സവിശേഷതകൾ എന്നിവ മഴയുടെയും താപനിലയുടെയും വിതരണത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നതായും പഠനം കണ്ടെത്തി
**റിപ്പോർട്ട് പ്രകാശനം**
ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണു ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സാമൂഹിക കാലാവസ്ഥാ നിരീക്ഷണ പ്രവർത്തനം നിലവിൽ കണ്ണൂർ, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്, മലപ്പുറം ജില്ലയിലെ പൊതുക്കൽ പഞ്ചായത്ത്, തൃശൂർ ജില്ലയിലെ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം, ഇടുക്കി ജില്ലകൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചതായി അറിയിച്ചു. വരാനിരിക്കുന്ന മഴക്കാലത്ത് ഈ പ്രവർത്തനം സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ 2025–26 ലെ വയനാട് കാലാവസ്ഥാ റിപ്പോർട്ട് പി. ജെ. മാനുവൽ (നാട്ടറിവ് പഠന കേന്ദ്രം CEO) പ്രകാശനം ചെയ്തു. കർഷകയായ രാധ നമ്പ്യാർ റിപ്പോർട്ട് ഏറ്റുവാങ്ങി. വയനാട് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റി അംഗം ടി.സി. ജോസഫ് ആശംസകൾ അറിയിച്ചു.
കീസ്റ്റോൺ ഫൗണ്ടേഷന്റെ അഡീഷണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ റാഫി, കാലാവസ്ഥാ മാറ്റം പ്രമേയമാക്കി ഫൗണ്ടേഷൻ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും കീസ്റ്റോൺ ഫൗണ്ടേഷൻ ക്ലൈമറ്റ് ചേഞ്ച് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഖിൽ ശിവദാസ്, തദ്ദേശീയ സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന മോണിറ്ററിംഗ്, റിപ്പോർട്ടിംഗ് ആൻഡ് വെരിഫിക്കേഷൻ (MRV) രീതികളെക്കുറിച്ച് ക്ലാസ് നയിച്ചു.
ടാപ്കോ അഗ്രോ പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ റിസർച്ച് അസിസ്റ്റന്റ് വൃന്ദ കാർഷിക കലണ്ടർ അവതരിപ്പിച്ചു. കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (CUSAT) അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫെറിക് റഡാർ റിസർച്ച് (ACARR) ലെ ഡോ. എം.ജി. മനോജ്, കേരളത്തിലെ മൺസൂൺ സംവിധാനവും കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനങ്ങളും സംബന്ധിച്ച് പ്രഭാഷണം നടത്തി.
**ജനകീയ കാലാവസ്ഥാ നിരീക്ഷകരുടെ അനുഭവങ്ങൾ**
ചീരാൽ, വൈത്തിരി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിലെ ജനകീയ കാലാവസ്ഥാ നിരീക്ഷകരായ കെ. രാജഗോപാലൻ, ഉണ്ണികൃഷ്ണൻ എസ്., ദിവാകരൻ മംഗലശ്ശേരി എന്നിവർ തങ്ങളുടെ പ്രദേശങ്ങളിലെ മഴയും കാലാവസ്ഥയും സംബന്ധിച്ച അനുഭവങ്ങൾ പങ്കുവച്ചു.
ജി.എച്ച്.എസ്.എസ്. മേപ്പാടിയിലെ വിദ്യാർഥിനികളായ സഫീല നസ്റിൻ, റഷ ഫാത്തിമ എന്നിവർ മഴ അനുഭവങ്ങൾ അവതരിപ്പിച്ചു. ക്ലൈമറ്റ് കേഡറ്റ്സിലെ ഇൻസ ഫാത്തിമ, കീർത്തന എന്നിവർ മഴമേഘങ്ങളുടെ തരം, രൂപഭേദങ്ങൾ, മഴയുമായുള്ള ബന്ധം എന്നിവയെക്കുറിച്ചുള്ള പഠനം അവതരിപ്പിച്ചു.
ഹ്യൂം സെന്ററിലെ ടീം ലീഡ് രഞ്ജിനി എ.ആർ. 2025–26 കാലയളവിലെ വയനാട് കാലാവസ്ഥാ വിശകലനം അവതരിപ്പിച്ചു. കേരള എമർജൻസി ടീം, ചുരം സംരക്ഷണ സമിതി, സിവിൽ ഡിഫൻസ്, ജനകീയ കാലാവസ്ഥാ നിരീക്ഷകർ, കർഷകർ, വിവിധ സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
പരിപാടിക്ക് ഹ്യൂം സെന്ററിലെ റിസർച്ച് അസിസ്റ്റന്റ് അൻസ്വാഫ് അമൻ സ്വാഗതവും റിസർച്ച് അസിസ്റ്റന്റ് അർജുൻ നന്ദിയും രേഖപ്പെടുത്തി.
അതിതീവ്ര മഴ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ ദുരന്തസാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ സമൂഹാധിഷ്ഠിത കാലാവസ്ഥാ നിരീക്ഷണത്തിന്റെ പ്രാധാന്യം യോഗത്തിൽ വ്യക്തമായി. ശാസ്ത്രീയ പഠനങ്ങളും പ്രാദേശിക അറിവുകളും സംയോജിപ്പിച്ചുള്ള പ്രവർത്തനങ്ങൾ ദുരന്ത മുന്നൊരുക്കം, കാർഷിക- വികസന ആസൂത്രണം, ജലവിഭവ പരിപാലനം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ശക്തമായ അടിത്തറയാകുമെന്ന് യോഗം വിലയിരുത്തി.
