പരിസ്ഥിതി ദിനാഘോഷം: വനം നഴ്‌സറികളില്‍ വൃക്ഷത്തൈ വിതരണം തുടരുന്നു

കല്‍പ്പറ്റ: പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും നട്ടുപരിപാലിക്കുന്നതിന് വയനാട്ടില്‍ സാമൂഹിക വനവത്കരണ വിഭാഗം തയാറാക്കിയത് ഒരു ലക്ഷം വൃക്ഷത്തൈകള്‍. കല്‍പ്പറ്റ ചുഴലി നഴ്‌സറിയില്‍ 75,000 ഉം മാനന്തവാടി ബേഗൂര്‍ നഴ്‌സറിയില്‍ 25,000 ഉം തൈകളാണ് ഉത്പാദിപ്പിച്ചതെന്ന് സോഷ്യല്‍ ഫോറസ്ട്രി എസിഎഫ് നജ്മല്‍ അമീന്‍, റേഞ്ച് ഓഫീസര്‍ എം.പി. സജീവന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വി.സി. രാജേഷ് എന്നിവര്‍ പറഞ്ഞു. രണ്ട് നഴ്‌സറികളിലും തൈ വിതരണം തുടങ്ങിയതായി അവര്‍ അറിയിച്ചു.

 

ഹരിത കേരളം മിഷന്റെ സഹകരണത്തോടൊയാണ് നഴ്‌സറികളില്‍ തൈകള്‍ തയാറാക്കിയത്. മിഷന്‍ മുഖേനയാണ് തൈ വിതരണവും. നടീലിന് തൈകള്‍ ആവശ്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം. പരിശോധനയ്ക്കുശേഷം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അപേക്ഷകള്‍ സോഷ്യല്‍ ഫോറസ്ട്രി എസിഎഫിന് കൈമാറുന്ന മുറയ്ക്ക് നഴ്‌സറികളിനിന്നു തൈകള്‍ കൈപ്പറ്റാം. നീര്‍മരുത്, മണിമരുത്, പേര, നെല്ലി, ഉങ്ങ്, ഞാവല്‍, പ്ലാവ്, ആര്യവേപ്പ്, കുമിഴ്, മന്ദാരം, മാതളം, മുരിങ്ങ, മുള… ഇങ്ങനെ നീളുന്നതാണ് നഴ്‌സറികളില്‍ ഉത്പാദിപ്പിച്ച തൈകളുടെ നിര.

 

ചുഴലിയില്‍ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള 4.33 ഹെക്ടര്‍ സ്ഥലത്താണ് നഴ്സറി. വൃക്ഷത്തൈകളുടെ ശാസ്ത്രീയ ഉത്പാദനത്തിന് ചോപ്പിംഗ് റൂം, ഹീപ്പിംഗ് ഏരിയ, സീഡ് ഡ്രൈയിംഗ് യാര്‍ഡ്, ഷെയ്ഡ് നെറ്റ്, റെയിന്‍ ഷെല്‍ട്ടര്‍, പോട്ടിംഗ് മിക്സ്ചര്‍ യൂണിറ്റ്, കമ്പോസ്റ്റ് യൂണിറ്റ്, കുളം, ഓവര്‍ഹെഡ് ടാങ്ക് തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. തൈകളുടെ ഉത്പാദനവും പരിചരണവും ശാസ്ത്രീയമായി നടത്തുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സസ്യജാലങ്ങളെക്കുറിച്ചു അറിവ് പകരുകയും നഴ്‌സറി ലക്ഷ്യമാണ്. മുമ്പ് സുല്‍ത്താന്‍ ബത്തേരി റേഞ്ചിലെ പൂമല കുന്താണിയും സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറി പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിശ്ചിത വില ഈടാക്കിയാണ് നഴ്‌സറിയില്‍നിന്നു തൈകള്‍ വിതരണം ചെയ്യുക. പഞ്ചായത്തുകളടക്കം മറ്റു സ്ഥാപനങ്ങള്‍ക്ക് സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *