ജില്ലയിൽ ശനി, ഞായർ ദിവസങ്ങളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പാക്കം കുറുവ ദ്വീപ്, ബാണാസുര മീൻമുട്ടി വെള്ളച്ചാട്ടം, കാറ്റുകുന്ന് ആനച്ചോല ട്രക്കിങ്, ചെമ്പ്രപീക്ക് ട്രക്കിങ്, സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു.
ക്വാറികൾ അടച്ചിടണം, വിനോദ സഞ്ചാരത്തിന് നിയന്ത്രണം
കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെയ്ക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും എല്ലാ അഡ്വഞ്ചർ ടൂറിസവും ട്രക്കിങുകളും നിർത്തിവെയ്ക്കാനും ഉത്തരവിട്ടിട്ടുണ്ട്.
റിസോർട്ടുകളും ഹോം സ്റ്റേകളും അടച്ചിടണം
ശനി, ഞായർ ദിവസങ്ങളിൽ (ജൂൺ 6, 7) ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും സർവീസ് വില്ലകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും രണ്ട് ദിവസത്തേക്ക് തുറന്ന് പ്രവർത്തിക്കരുതെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
എൻ ഊര് പ്രവർത്തിക്കില്ല
ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശനി, ഞായർ (ജൂൺ 6, 7) ദിവസങ്ങളിൽ എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
