കല്‍പ്പറ്റ: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച സംസ്ഥാന സര്‍ക്കാരിനെ സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു. എഐസിസി അംഗം എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു. ജീവിതകാലം മുഴുവന്‍ സമൂഹത്തിനും തലമുറകള്‍ക്കുമായി അത്യധ്വാനം ചെയ്ത മുതിര്‍ന്ന പൗരന്മാരെ സമൂഹവും സര്‍ക്കാരും കരുതലോടെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘടന ജില്ലാ പ്രസിഡന്റ് കെ.വി. പോക്കര് ഹാജി അധ്യക്ഷത വഹിച്ചു. സി.പി. വര്‍ഗീസ്, പി.ടി. ഗോപാലക്കുറുപ്പ്, വി.വി. നാരായണ വാര്യര്‍, ഇ.വി. ഏബ്രഹാം, ജോര്‍ജ് മുണ്ടക്കല്‍, ശാന്തകുമാരി, സി. രാജീവ്, ആര്. രാജന് എന്നിവര്‍ പ്രസംഗിച്ചു.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിന് കരട് നിര്‍ദേശങ്ങള്‍ വയോജന വകുപ്പ് പൊതുജനങ്ങളില്‍ നിന്നു ജില്ലാതലത്തില്‍ സ്വീകരിക്കുക, ആയുഷ്മാന്‍ ഭാരത് പദ്ധതി സംസ്ഥാനത്തെ വയോജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുക, ത്രിതല പഞ്ചായത്തുകള്‍ വയോജനങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന തുക വെട്ടിക്കുറയ്ക്കുന്നതും വകമാറ്റി ചെലവാക്കുന്നതും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. സംഘടന സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഡിസിസി ഓഫീസ് വളപ്പില്‍ എന്‍.ഡി. അപ്പച്ചന് വൃക്ഷത്തൈ നട്ടു.
