സുല്‍ത്താന്‍ ബത്തേരി: ഇന്ധന വിലക്കറ്റത്തില്‍ പ്രതിഷേധിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി എട്ടിന് കല്‍പ്പറ്റയില്‍ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്താന്‍ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. വിദ്യാര്‍ഥികള്‍ക്കടക്കം കുറഞ്ഞ നിരക്കില്‍ യാത്രാസൗകര്യം ഒരുക്കുകയും സര്‍ക്കാരിന് കോടിക്കണക്കിന് രൂപ നികുതിയിനത്തില്‍ ലഭ്യമാക്കുകയും പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്ന സ്വകാര്യ ബസ് വ്യവസായം ഗുരുതര പ്രതിസന്ധിയിലാണ്. മുമ്പ് സംസ്ഥാനത്ത് 34,000 ബസും രണ്ട് ലക്ഷത്തോളം തൊഴിലാളികളും ഉണ്ടായിരുന്നു. നിലവില്‍ 8,000 ബസുകളാണുള്ളത്.
കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്നത് സ്വകാര്യ ബസുകളില്‍ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറയുന്നതിന് കാരണമാകും. ഇത് സ്വകാര്യ ബസുകളുടെ വരുമാനത്തെ ബാധിക്കും. നിലവിലുള്ള പെര്‍മിറ്റുകള്‍ പുതുക്കുന്നതില്‍ ഗതാഗത വകുപ്പ് അനാവശ്യ തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. പെര്‍മിറ്റ് പുതുക്കല്‍ ലളിതമാക്കാന്‍ പുതിയ വിജ്ഞാപനം ഇറക്കണം.
സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കണമെന്ന ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശ നടപ്പാക്കണം. ബസ് ഉടമകളെയും തൊഴിലാളികളെയും അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഗതാഗത വകുപ്പ് അവസാനിപ്പിക്കണം. പൊതുഗതാഗത മേഖലയില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് ഡീസലിന് നികുതിയിളവും റോഡ് നികുതിയില്‍ പൂര്‍ണ ഇളവും അനുവദിക്കണം. കെഎസ്ആര്‍ടിസിയെയും സ്വകാര്യ ബസ് മേഖലയെയും ഒരുപോലെ സംരക്ഷിക്കുന്ന സമഗ്ര പൊതുഗതാഗത നയം സര്‍ക്കാര്‍ നടപ്പാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
