ഉരുൾ ദുരന്തം: മൈക്രോ പ്ലാനിൽ ഫേസ് വണ്ണിലെ എല്ലാവരെയും ഉൾപ്പെടുത്തും: ഒരു കുടുംബത്തിന് രണ്ട് ലക്ഷം വീതം നൽകുമെന്ന് മന്ത്രി ടി. സിദ്ദീഖ്.

കൽപ്പറ്റ: ഉരുൾ ദുരന്ത ബാധിതർക്കായി സർക്കാർ നടപ്പാക്കുന്ന സംരംഭക പദ്ധതിയായ മൈക്രോ പ്ലാനിൽ ഫേസ് വണ്ണിലെ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തുമെന്ന് മന്ത്രി അഡ്വ. ടി. സിദ്ദീഖ്.ഗുണഭോക്താക്കൾക്കുള്ള തുക 2 ലക്ഷം ആയി വർദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.

അനുവദിച്ച തുക പലർക്കും ലഭിച്ചില്ലെന്ന് ഗുണഭോക്താക്കളുടെ പരാതി ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.

മുണ്ടക്കൈ ചുരൽമല ഉരുൾ ദുരന്ത ബാധിതർക്കായി കഴിഞ്ഞ സർക്കാർ നടപ്പാക്കിയ വിവിധ പദ്ധതികളിൽ ഒന്നായിരുന്നു മൈക്രോ പ്ലാൻ. പദ്ധതി പ്രഖ്യാപിച്ചതോടെ പരാതികളുമായി നിരവധി കുടുംബങ്ങൾ രംഗത്തുവന്നിരുന്നു. മൈക്രോ പ്ലാനിൽപ്പെട്ട പലർക്കും പണം ലഭിച്ചതുമില്ല. ഇത് പലവിധ ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ഫേസ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീട്ടുകൂടൽ ചടങ്ങിൽ ഗുണഭോക്താക്കൾ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇപ്പോൾ താമസം തുടങ്ങിയവർക്ക് മാലിന്യനിർമാർജനത്തിന് സംവിധാനം ഇല്ലെന്നും അവർ പരാതിയുന്നയിച്ചു.

മന്ത്രിയുടെ ഉദ്ഘാടന പ്രസംഗശേഷമാണ് സംസാരിച്ചവർ പരാതികൾ ഉന്നയിച്ചത്. തുടർന്ന് വീണ്ടും സദസിനെ അഭിസംബോധന ചെയ്ത മന്ത്രി പുതിയ പ്രഖ്യാപനം നടത്തുകയായിരുന്നു.

 

 

ഏറെ നാളായി നിലനിന്നിരുന്ന മൈക്രോ പ്ലാൻ വിവാദത്തിലാണ് ഇതോടെ വിരാമം ആയത്.

 

മുണ്ടക്കൈ ചൂരൽമല പുനരാധിവാസ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിച്ചു കൊണ്ടിരിക്കുന്ന വയനാട് ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കി താക്കോൽ കൈമാറികിട്ടിയ 178 ഗുണഭോക്താക്കൾ അംഗങ്ങളായതാണ് ഫെയ്സ് വൺ കൂട്ടായ്മ. ഇതിനോടകം ഇവരിൽ കുറച്ചു കുടുംബങ്ങൾ ടൗൺഷിപ്പിൽ താമസം തുടങ്ങിയിരുന്നു. ബാക്കിയുള്ള കുടുംബങ്ങൾ ഇന്നലെയും ഇന്നും നാളെയുമായാണ് വാടക വീടുകളിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറുന്നത്. ഇതിൻറെ ഭാഗമായാണ് ഫെയ്സ് വൺ കൂട്ടായ്മയുടെ നേതൃത്വത്തിൽ വീട്ടുകൂടൽ നടത്തിയത്.

 

 

പരിപാടി കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ , കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ പി. വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ, വൈസ് പ്രസിഡണ്ട് ടി ഹംസ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ,മറ്റു ജനപ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫെയ്സ് വൺ കൂട്ടായ്മ കൺവീനർ രമേശൻ അധ്യക്ഷനായി. ഒരു ദുരന്തം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനം മുതൽ പുനരധിവാസം വരെയുള്ള കാര്യങ്ങളുമായി സഹകരിച്ച എല്ലാവർക്കും ദുരന്തബാധിതർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *