ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം; ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലന നല്‍കി

ദുരന്ത ലഘൂകരണ-നിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യവും കാര്യക്ഷമവുമാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നടപ്പാക്കുന്ന ‘ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം’ സംബന്ധിച്ച് ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് എ പി ജെ ഹാളില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.സി രാകേഷ് പിശീലനത്തിന് നേതൃത്വം നല്‍കി. പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന ദുരന്ത സാഹചര്യങ്ങളില്‍ വിവിധ ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും ചുമതലകളിലെ ആശയക്കുഴപ്പവും പരിഹരിക്കാനാണ് ഈ ആധുനിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ജില്ലയിലെ താലൂക്കുകളിലും ഐ.ആര്‍.എസ് സംവിധാനം പ്രവര്‍ത്തിക്കും.

 

ഐ.ആര്‍.എസ് സംവിധാനത്തിന് കീഴില്‍ ഓരോ തലത്തിലും റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍റാണ് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍. ദുരന്ത മുന്നറിയിപ്പ് ലഭിച്ചാലുടന്‍ ഇവര്‍ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കും. കൂടാതെ, പ്രവര്‍ത്തന മികവിനായി കമാന്‍ഡ് സ്റ്റാഫിനേയും ജനറല്‍ സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത പ്രതികരണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സിഡന്റ് കമാന്‍ഡര്‍, സേഫ്റ്റി ഓഫീസര്‍, മീഡിയ ഓഫീസര്‍, ലെയ്‌സണ്‍ ഓഫീസര്‍ എന്നിവരടങ്ങുന്നതാണ് കമാന്‍ഡ് സ്റ്റാഫ്. ദുരന്തമുഖത്തെ നേരിട്ടുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹികക്കാന്‍ ഓപ്പറേഷന്‍സ് വിഭാഗവും വിവരങ്ങള്‍ ശേഖരിക്കുകയും, ദുരന്തപ്രതികരണ കര്‍മ്മപദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതിന് പ്ലാനിംഗ് വിഭാഗവും പ്രവര്‍ത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വസ്തുക്കള്‍, ഉപകരണങ്ങള്‍, വിനിമയ സംവിധാനങ്ങള്‍ എന്നിവ ലോജിസ്റ്റിക്‌സ് വിഭാഗം ഏര്‍പ്പെടുത്തും. തുടര്‍ച്ചയായ ജോലികള്‍ ഉദ്യോഗസ്ഥരെ ബാധിക്കാതിരിക്കാന്‍ ഷിഫ്റ്റ് സമ്പ്രദായവും ഐ ആര്‍ എസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *