ആനയുടെ ആക്രമണത്തിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ആറുമാസത്തോളമായി ചികിത്സയിൽ തുടരുന്ന പനമരം പഞ്ചായത്തിലെ നീർവാരം സ്വദേശി ശ്രീ സത്യജ്യോതിക്ക് 2026 ജൂൺ 9 ന് രാവിലെ 10.30 മണിക്ക് നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിൽവെച്ച് നടന്ന ചടങ്ങിൽ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഉസ്മാൻ, പനമരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി ആലക്കമുറ്റം, സൗത്ത് വയനാട് ഡി എഫ് ഒ ശ്രീ യു ആഷിക്ക് അലി, നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടർ ഹന നിയാസ്, ചെദലയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ രാജീവൻ എം. കെ., പനമരം പഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ ശ്രീമതി ശ്രീജ സുധാകരൻ, പൊതുൽതാല്പര്യ ഗവേഷകനും സത്യജ്യോതിയുടെ നാട്ടുകാരനുമായ ശ്രീ എ ഡി ദിലീപ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഫോറസ്ററ് ഫസ്റ്റ് സമിതിയുടെ സ്ഥാപകയും സെക്രട്ടറിയുമായ ശ്രീമതി മീര ചന്ദ്രൻ, ധന്വന്തരി വിനായക നക്ഷത്ര ഫൗണ്ടേഷന്റെ സ്ഥാപകഡയറക്ടറായ ശ്രീ എ ആനന്ദ് എന്നിവർ ചേർന്ന് 75000/- രൂപ ചികിത്സാധനസഹായം കൈമാറി.
മനുഷ്യ- വന്യജീവി സംഘർഷങ്ങൾ മനുഷ്യരുടെയും വന്യജീവികളുടെയും സഹവർത്തിത്വത്തിലൂന്നിയ നിലനിൽപിന് ഭീഷണിയായി കണക്കാക്കപ്പെടുന്നു. വയനാട്ടിലേതു പോലുള്ള വനാശ്രിത സമൂഹങ്ങൾ, കർഷകർ മറ്റു ജനവിഭാഗങ്ങൾ ഉൾപ്പെടെ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തികവും സാമൂഹികവുമായ നഷ്ടങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം നൽകേണ്ടതുണ്ട്. സർക്കാർ നൽകിവരുന്ന നഷ്ടപരിഹാര തുക മിക്കപ്പോഴും അപര്യാപ്തമാവുകയും അത് കാടിനോട് ചേർന്ന് ജീവിക്കുന്ന മനുഷ്യരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നുണ്ട്.
മനുഷ്യ- വന്യജീവി സംഘർഷങ്ങൾ മൂലമുള്ള കൃഷിനാശം, കന്നുകാലി നഷ്ടം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ അംഗീകരിച്ച നിരക്കുകളുണ്ട്. പലപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന നഷ്ടപരിഹാരം യഥാർത്ഥ നഷ്ടത്തെക്കാൾ വളരെ തുച്ഛമാണ്. ഈ നിരക്കുകൾക്കും മുകളിൽ വരുന്ന നഷ്ടം ഈ സംഘർഷങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾ വഹിക്കേണ്ടി വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇത്തരം സംഭവങ്ങളിൽ ഒന്നാണ് പനമരം പഞ്ചായത്തിലെ നീർവാരത്ത് താമസിക്കുന്ന നെടുംകുന്നിൽ മോഹനൻ എന്നവരുടെ മകൻ 22 വയസുള്ള സത്യജ്യോതി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
ഐടിഐ ഡീസൽ മെക്കാനിക് പഠനം പൂർത്തീകരിച്ച സത്യജ്യോതി 2025 ഡിസംബർ 2നു റെയിൽവേ ജോലിക്കായുള്ള പരീക്ഷക്ക് വേണ്ടി പുലർച്ചെ അഞ്ചരമണിക്ക് വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിലേക്ക് പോകുന്ന വഴി പുഞ്ചവയൽ-ദാസനക്കര റോഡിൽ അമ്മാനിക്കവലയ്ക്കു സമീപം വെച്ച് ആനയുടെ മുന്നിൽപെടുകയും ആനയുടെ ആക്രമണത്തിൽ നട്ടെല്ലിനും സുഷുമ്നാ നാഡിക്കും ഗുരുതരമായ പരിക്കേൽക്കുകയുണ്ടായി. ഈ സംഭവത്തിന് ശേഷം അരയ്ക്ക് താഴ്ഭാഗം ചലനശേഷി നഷ്ടപ്പെട്ടുപോയി പൂർണ്ണമായും കിടപ്പിലായ സത്യജ്യോതി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നട്ടെല്ലിന്റെ ശാസ്ത്രക്രിയക്ക് വിധേയമാകുകയും തുടർന്ന് വൈത്തിരി താലൂക്ക് ആശുപത്രിയിലും, നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി വിഭാഗത്തിലും തുടർചികിത്സ നടത്തി വരികയാണ്. നിലവിൽ നാലു മാസത്തിലേറെയായി തുടരുന്ന ഫിസിയോ തെറാപ്പിയിലൂടെ വലതു കാലിന്റെ ചലനശേഷി തിരിച്ചു കിട്ടിയിരിക്കുന്നത് ആശാവഹമാണ്. മറ്റെവിടെയെങ്കിലും കൊണ്ടുപോയി കൂടുതൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തിശേഷി ഇല്ലാത്തതിനാൽ വയനാട്ടിൽ തന്നെ ലഭ്യമായ ചികിത്സ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ഇവർ. ഡിസംബർ രണ്ടു മുതൽ കിടപ്പിലായ സത്യജ്യോതിയെ പരിചരിക്കുന്നതിനു അച്ഛനും അമ്മയും സ്ഥിരമായി അടുത്ത് വേണം എന്നതിനാൽ കൂലിപ്പണിക്കുപോലും പോകാൻ പറ്റാത്തതിന്നാലും ആറുമാസമായി ഉപജീവനമാർഗം നിലച്ച അവസ്ഥയിലാണ് ഇവരുടെ കുടുംബം.
നീർവാരത്ത് നിന്നും മുപ്പതിലേറെ കിലോമീറ്റർ അകലെയുള്ള നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് വേണ്ടി സത്യജ്യോതിയുടെ കുടുംബം നൂൽപുഴ നിരപ്പത്ത് ഒരു വാടക വീടെടുത്ത് താമസിക്കുകയാണ്. ക്ഷീര കർഷകനായിരുന്ന സത്യജ്യോതിയുടെ അച്ഛന് ഈ സംഭവശേഷം തങ്ങളുടെ ഏക വരുമാന മാർഗമായ പശുക്കളെ വിൽക്കേണ്ടി വന്നു. വനം വകുപ്പിൽ നിന്ന് ലഭിച്ച 50000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ലഭിച്ച പതിനായിരം രൂപയ്ക്കും പുറമെ ബന്ധുക്കളുടെയും നാട്ടിലെ സന്മനസുള്ളവരുടെയും പിന്തുണ കൂടി കൊണ്ടാണ് ചികിത്സയും അനുബന്ധ ചിലവുകളും ഇതുവരെ മുന്നോട്ട് പോയത്. സത്യജ്യോതിക്ക് പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ എത്ര നാൾ വേണ്ടിവരുമെന്ന് ചികിത്സിക്കുന്ന ഡോക്ടർമാർക്ക് കൃത്യമായി പറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. തുടർചികിത്സ എത്രത്തോളം വേണ്ടിവരുമെന്നും നിശ്ചയമില്ല.
ഈ സാഹചര്യത്തിൽ ആണ് വയനാട്ടിലെ മനുഷ്യ വന്യജീവി സംഘർഷത്തിന് ഒരു പ്രധാന കാരണമായ മഞ്ഞക്കൊന്ന നിർമാർജന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഫോറസ്റ്റ് ഫസ്റ്റ് സമിതിയെ സത്യജ്യോതിയുടെ കുടുംബം നാട്ടുകാരനായ ശ്രീ എ ഡി ദിലീപ് കുമാർ വഴി ബന്ധപ്പെടുന്നത്. പനമരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി ആലക്കമുറ്റം, ഏഴാം വാർഡ് മെമ്പർ ശ്രീമതി ശ്രീജ സുധാകരൻ, ചെതലയം റേഞ്ച് ഓഫീസർ ശ്രീ രാജീവൻ എം. കെ. എന്നിവരുടെയും ഇടപെടലുകൾ ഉണ്ടായി. തുടർന്ന് ഫോറസ്റ്റ് ഫസ്റ്റ് സമിതിയും മുംബൈയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ധന്വന്തരി വിനായക നക്ഷത്ര ഫൗണ്ടേഷന്നും സംയുക്തമായി സത്യജ്യോതിയുടെ ചികിത്സയ്ക്കായി 75000 രൂപ നൽകാൻ തീരുമാനിച്ചിരുന്നു.
2026 ജൂൺ 9 ന് രാവിലെ 10.30 മണിക്ക് നൂൽപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രത്തിൽവെച്ച് നടന്ന ചടങ്ങിൽ നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഉസ്മാൻ അധ്യക്ഷത വഹിച്ചു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലക്ഷ്മി ആലക്കമുറ്റം ധനസഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. “ആനയുടെ അക്രമണത്തിൽ ഗുരുതര പരിക്കേറ്റ് തുടർചികിത്സയിലുള്ള സത്യജ്യോതിക്ക് ചികിത്സ ചിലവും അനുബന്ധ ചിലവുകളും കുടുംബത്തിന് നഷ്ടപ്പെട്ട വരുമാന-ഉപജീവന മാർഗങ്ങളും അവരുടെ സാമ്പത്തിക പിന്നോക്ക അവസ്ഥയും എല്ലാം പ്രത്യേകമായി പരിഗണിച്ചു ആവർക്കുണ്ടയോടുള്ള യഥാർത്ഥ നഷ്ടത്തിനനുസരിച്ചു ധനസഹായം നൽകാൻ വനംവകുപ്പും സർക്കാരും തയാറാകണമെന്നും കുടുംബത്തിന്റെ ഉപജീവനമാർഗ്ഗം ഉറപ്പുവരുത്തണമെന്നും നീർവാരം പ്രദേശത്തെ വന്യമൃഗ സംഘർഷം പരിഹരിരിക്കുന്നതിനു വനം വകുപ്പ് ക്രിയാത്മമായി ഇടപെടണമെന്നും ശ്രീമതി ലക്ഷ്മി ആലക്കമുറ്റം ആവശ്യപ്പെട്ടു.
സൗത്ത് വയനാട് ഡി എഫ് ഒ ശ്രീ യു ആഷിക്ക് അലി, ചെദലയം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ രാജീവൻ എം. കെ., പനമരം പഞ്ചായത്തിലെ ഏഴാം വാർഡ് മെമ്പർ ശ്രീമതി ശ്രീജ സുധാകരൻ, ഫോറസ്ററ് ഫസ്റ്റ് സമിതിയുടെ സ്ഥാപകയും സെക്രട്ടറിയുമായ ശ്രീമതി മീര ചന്ദ്രൻ, ധന്വന്തരി വിനായക നക്ഷത്ര ഫൗണ്ടേഷന്റെ സ്ഥാപകഡയറക്ടറായ ശ്രീ എ ആനന്ദ്, ഫോറെസ്റ് ഫസ്റ്റ് സമിതി കോർഡിനേറ്റർ സർ രെമിത് എം എന്നിവർ സംസാരിച്ചു. ഡോക്ടർ ഹന നിയാസ് സ്വാഗതവും സത്യജ്യോതിയുടെ നാട്ടുകാരനും പൊതുൽതാല്പര്യ ഗവേഷകനുമായ ശ്രീ എ ഡി ദിലീപ് കുമാർ ശ്രീ ദിലീപ് കുമാർ നന്ദിയും പറഞ്ഞു.
നൂൽപ്പുഴ കുടുംബ ആരോഗ്യകേന്ദ്രം ജീവനക്കാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ, ഫോറെസ്റ് ഫസ്റ്റ് സമിതിയുടെ പ്രവർത്തകർ, സത്യജ്യോതിയുടെ കുടുംബാംഗങ്ങൾ സുഹൃത്തുക്കൾ മുതലായവർ സംബന്ധിച്ചു.
വിവരങ്ങൾക്ക്:
മീര ചന്ദ്രൻ +91 97319 12522
എ. ഡി. ദിലീപ് കുമാർ 8137006352
