മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് SDPI മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തിയ ഇടപെടൽ ഫലം കണ്ടു. വിഷയത്തിൽ സംസ്ഥാന ആരോഗ്യ ഏജൻസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ മാനന്തവാടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി.
KASP പദ്ധതിയുടെ ഭാഗമായി റീഫണ്ട് ലഭിക്കേണ്ട നിരവധി രോഗികൾ മാസങ്ങളായി കാത്തിരിക്കുകയാണെന്നും, ഇതുമൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ നിരവധി പേർ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മണ്ഡലം കമ്മിറ്റി പരാതി നൽകിയത്. റീഫണ്ട് വിതരണം വൈകുന്നത് രോഗികളുടെ ചികിത്സാനന്തര ജീവിതത്തെയും കുടുംബ ബജറ്റിനെയും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണെന്ന് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
പരാതി പരിശോധിച്ച സ്റ്റേറ്റ് ഹെൽത്ത് ഏജൻസി, വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണ് എന്ന് വിലയിരുത്തി അർഹരായ ഗുണഭോക്താക്കൾക്ക് റീഫണ്ട് വിതരണം വേഗത്തിലാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമായി മാനന്തവാടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരിക്കുകയാണ്.
ജനങ്ങളുടെ ന്യായമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ശക്തമായ ഇടപെടലുകൾ തുടരുന്നതിനും SDPI മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഭാരവാഹികൾ അറിയിച്ചു.
