വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍: പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം

കല്‍പ്പറ്റ: ജില്ലയിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ സംബന്ധിച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനം. എഡിഎം കെ. അജീഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച വിശദമായ ചര്‍ച്ച നടന്നു. കണ്‍സഷന്‍ അനുവദിക്കുന്നതിന് ഉപയോഗിക്കുന്ന ലീഡ്‌സ് ആപ്ലിക്കേഷനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആപ്പില്‍ കുട്ടികള്‍ സഞ്ചരിക്കുന്ന ദൂരം ഉള്‍പ്പെടെ രേഖപ്പെടുത്തുന്നതില്‍ പിഴവ് സംഭവിക്കുന്നതായി ബസുടമകളുടെ സംഘടനകള്‍ പരാതിപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.

ഒന്നു മുതല്‍ പ്ലസ് ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കുന്ന റൂട്ട് ഉള്‍പ്പെടെ രേഖപ്പെടുത്തിയ ഏകീകൃത സ്വഭാവത്തിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യണമെന്ന ആവശ്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് സ്റ്റുഡന്റ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി നിര്‍ദേശിച്ചു. ഇതിനുപുറമേ ഓരോ വിദ്യാലയത്തിലും കുട്ടികളുടെ കണ്‍സഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് നോഡല്‍ ഓഫീസറെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകളില്‍ വിദ്യാര്‍ഥികളുടെ ജനന തീയതി രേഖപ്പെടുത്തണമെന്ന നിര്‍ദേശം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കി. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചുള്ള പരാതികളും യോഗത്തില്‍ ഉയര്‍ന്നു. ഫുള്‍ ടൈം റെഗുലര്‍ കോഴ്‌സുകളില്ലാതെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ ഉപയോഗപ്പെടുത്തുന്നത് തടയണമെന്ന് ബസ് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു. യാത്രാ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ ഉയര്‍ത്തിയ പരാതികളും അമിത നിരക്ക് ഈടാക്കുന്നുവെന്ന് കാണിച്ച് രണ്ട് വിദ്യാര്‍ഥിനികള്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരിതികളും യോഗത്തിന്റെ പരിഗണനയ്ക്ക് വന്നു. ഇവയില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പി.ആര്‍. സുമേഷ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍, ബസുടമകളുടെ സംഘടനാ പ്രതിനിധികള്‍, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *