സംസ്ഥാന ബജറ്റ്; വയനാടിന് സ്വപ്നങ്ങളേറെ…

കല്‍പ്പറ്റ: മുഖ്യമന്ത്രി വി.ഡി. സതീശൻ നാളെ നിയമസഭയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷയർപ്പിച്ച്‌ വയനാട്.

ജില്ല രൂപീകൃതമായ 1980 മുതല്‍ വയനാടൻ ജനത അനുഭവിക്കുന്ന നിരവധി ദുരിതങ്ങള്‍ക്ക് 45 വർഷത്തിന് ശേഷവും പരിഹാരം ആയിട്ടില്ല. മുൻതലമുറകള്‍ വയനാട്ടിലേക്ക് കയറിയ താമരശേരി ചുരത്തിന്റെ അന്നത്തെ അവസ്ഥയ്ക്ക് ഇന്നും വലിയ മാറ്റം സംഭവിച്ചിട്ടില്ല.

അയല്‍ സംസ്ഥാനവുമായി സുഗമമായി ബന്ധപ്പെടാൻ സഹായിച്ചിരുന്ന ദേശീയപാത 766ല്‍ മുത്തങ്ങ മുതല്‍ മദ്ദൂർ വരെ രാത്രിയില്‍ യാത്ര ചെയ്യാൻ ജനങ്ങള്‍ക്ക് അനുവാദമില്ലാതായതോടെ ബൈരക്കുപ്പയില്‍ പാലം അടക്കമുള്ളവയ്ക്കായി മുറവിളിയും ശക്തമാണ്. ആരോഗ്യ രംഗം വയനാടിനെ എന്നും കാർന്നുതിന്നുന്ന കാൻസറായി മാറിയിട്ട് വർഷങ്ങളായി.

പേരിനൊരു മെഡിക്കല്‍ കോളജ് ഉണ്ടെങ്കിലും “റഫറല്‍ കോളജ്’ എന്ന ദുഷ്പേരാണ് ഇപ്പോഴും കൈമുതലായുള്ളത്. ടൂറിസം രംഗം പച്ചപിടിക്കുന്നുണ്ട്. എന്നാല്‍ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാകുന്നില്ല. ഇതിനെല്ലാം പരിഹാരം കാണാൻ യുഡിഎഫ് സർക്കാരിന്റെ കന്നിബജറ്റിന് കഴിയുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.

കുരുക്കഴിയാത്ത താമരശേരി ചുരം

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച്‌ 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ബ്രിട്ടീഷുകാർ നിർമിച്ച ചുരമാണ് താമരശേരി ചുരം.വയനാട്ടുകാർക്ക് കോഴിക്കോടുമായി ബന്ധപ്പെടാനുള്ള പ്രധാനപാതയാണ് ഈ ചുരം. വാഹനങ്ങളുടെ ആധിക്യം ഉച്ചകോടിയിലെത്തിയതോടെ ചുരത്തിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമായി.

 

റോഡിന്റെ വീതിക്കുറവ് കാരണം മള്‍ട്ടി ആക്സില്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് ഹെയർപിൻ വളവുകളില്‍ തിരിയാൻ ആവശ്യത്തിന് സ്ഥലമില്ലാത്തതും വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധനയും അന്തർസംസ്ഥാന ചരക്കുലോറികളുടെ വർധനയും ചുരത്തില്‍ വാഹനങ്ങള്‍ കേടാകുകയോ അപകടത്തില്‍പ്പെടുകയോ ചെയ്യുന്നതും മഴക്കാലത്ത മണ്ണിടിച്ചിലുമാണ് ചുരത്തിലെ ഗതാഗത തടസത്തിന് പ്രധാന കാരണം.

 

ചുരത്തിലെ മുടിപ്പിൻ വളവുകള്‍ എത്രയും വേഗം വീതികൂട്ടുക, വലിയ മള്‍ട്ടി ആക്സില്‍ ലോറികള്‍ക്കും ടൂറിസ്റ്റ് ബസുകള്‍ക്കും സമയക്രമീകരണം ഏർപ്പെടുത്തുക, ക്രെയിൻ/റെസ്ക്യു സംവിധാനം സ്ഥാപിച്ചാല്‍ ചുരത്തില്‍ വാഹനം കേടായാല്‍ മിനിറ്റുകള്‍ക്കകം മാറ്റിസ്ഥാപിക്കാൻ സാധിക്കും. ഹെയർപിൻ വളവുകളില്‍ ഗതാഗതം നിയന്ത്രിക്കാൻ 24 മണിക്കൂറും ട്രാഫിക് പോലീസിന്റെയോ ചുരം സംരക്ഷണ സമിതിയുടെയോ സേവനം ഉറപ്പാക്കുക തുടങ്ങിയവയാണ് പരിഹാരമാർഗങ്ങള്‍.

 

ദീർഘകാല പരിഹാരമാർഗമായി ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപ്പാത നിർമാണം വേഗത്തിലാക്കുകയും ചിപ്പിലിത്തോട് – മരുതിലാവ് – തളിപ്പുഴ റോഡ്, പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് എന്നീ ബദല്‍ പാതകള്‍ യാഥാർഥ്യമാക്കുകയും വേണം.

 

വയനാട് തുരങ്കപാത

 

താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിനും വികസന പരിമിതികള്‍ക്കും പരിഹാരമെന്ന നിലയില്‍ വിഭാവനം ചെയ്ത ബദല്‍പാത പദ്ധതികളിലൊന്നാണ് വയനാട് തുരങ്കപാത. ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം പൂർത്തിയാകുന്പോള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ മൂന്നാമത്തെ തുരങ്കപാതയായി ഇത് മാറും. തുരങ്കപാത നിർമാണം വേഗത്തില്‍ പൂർത്തിയാക്കുന്നതിനുള്ള നടപടികള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട് വയനാട്ടുകാർ.

 

പടിഞ്ഞാറത്തറ- പൂഴിത്തോട് പാത

 

താമരശേരി ചുരത്തിലെ കനത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബദല്‍ റോഡാണ് പടിഞ്ഞാറത്തറ-പൂഴിത്തോട് പാത. 1994ല്‍ ആരംഭിച്ച പ്രവർത്തനങ്ങള്‍ ഇപ്പോഴും പൂർത്തീകരിക്കാൻ മാറിമാറിവന്ന സർക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല.

 

1990കളില്‍ നിർമാണം ആരംഭിച്ച പദ്ധതിയുടെ 70 ശതമാനത്തോളം പ്രവൃത്തികള്‍ പൂർത്തിയായതാണ്. സംസ്ഥാന ബജറ്റില്‍ പടിഞ്ഞാറത്തറ – പൂഴിത്തോട് പാത ഉള്‍പ്പെട്ടാല്‍ വയനാട് ജില്ലയുടെ യാത്രാക്ലേശത്തിന് വലിയൊരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാടൻ ജനത.

 

റെയില്‍വേ ചൂളംവിളിക്ക് കാതോർത്ത് വയനാട്

 

യാത്രാദുരിതം നേരിടുന്ന വയനാടിന് പ്രതീക്ഷ നല്‍കുന്നതാണ് നഞ്ചൻഗോഡ്-വയനാട്-നിലന്പൂർ റെയില്‍പാത. ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന പശ്ചാത്തലത്തിലാണ് വയനാട് റെയില്‍വേ പ്രാധാന്യമർഹിക്കുന്നത്.

 

റെയില്‍ പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ഉമ്മൻചാണ്ടി സർക്കാർ അഞ്ച് കോടി ഡിഎംആർസിക്ക് അനുവദിച്ചിരുന്നു. എന്നാല്‍ തുടർന്നുവന്ന എല്‍ഡിഎഫ് സർക്കാർ ഫണ്ട് അനുവദിക്കാതെ പദ്ധതി മുടങ്ങി. ഇനിയുള്ള വയനാട്ടുകാരുടെ പ്രതീക്ഷ വി.ഡി. സതീശൻ സർക്കാരിന്റെ ബജറ്റിലാണ്.

 

ജീവൻവച്ച്‌ ബൈരക്കുപ്പ പാലം

 

കേരളത്തെയും കർണാടകയെയും പരസ്പരം ബന്ധിപ്പിക്കുന്നതിനായി കബനി നദിക്ക് കുറുകെ വിഭാവനം ചെയ്ത അന്തർസംസ്ഥാന പാലമാണ് പെരിക്കല്ലൂർ – ബൈരക്കുപ്പ പാലം. മൂന്ന് പതിറ്റാണ്ടിലേറെയായി മുടങ്ങിക്കിടന്ന ഈ പദ്ധതി പൂർത്തിയാക്കാൻ ഇപ്പോള്‍ ശക്തമായ നീക്കങ്ങള്‍ ആരംഭിച്ചു.

 

1994 സെപ്റ്റംബർ 22ന് അന്നത്തെ കേരള മുഖ്യമന്ത്രി കെ. കരുണാകരനും കർണാടക മുഖ്യമന്ത്രി വീരപ്പ മൊയ്ലിയും ചേർന്നാണ് ഈ പാലത്തിന് സംയുക്തമായി തറക്കല്ലിട്ടത്. 2002ല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ഇതിന് ലഭിച്ചു. കേരളത്തിന്റെ ഭാഗത്തുള്ള അപ്രോച്ച്‌ റോഡിന്റെ പണികള്‍ നേരത്തെ തന്നെ പൂർത്തിയായിരുന്നു.

 

എന്നാല്‍ കർണാടകയുടെ ഭാഗത്ത് അപ്രോച്ച്‌ റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ വൈകിയതും ആവശ്യമായ വന-പരിസ്ഥിതി അനുമതികള്‍ ലഭിക്കാതിരുന്നതുമാണ് പദ്ധതി ദശകങ്ങളോളം നീണ്ടുപോകാൻ കാരണമായത്.

 

ബൈരക്കുപ്പ പാലം നിർമാണവുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേരള പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറും തമ്മില്‍ അടുത്തിടെ ബംഗളൂരുവില്‍ നടത്തിയ ഉന്നതതല ചർച്ചയില്‍ ഈ പദ്ധതി വേഗത്തിലാക്കാൻ തീരുമാനമായിട്ടുണ്ട്. പാലം നിർമാണത്തിന് ബജറ്റില്‍ ടോക്കണ് വയ്ക്കുമെന്നാണ് കുടിയേറ്റ മേഖലയുടെ പ്രതീക്ഷ.

 

“റഫറല്‍ കോളജെ’ന്ന പേര് മാറുമോ

 

2021ല്‍ സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുന്പ് വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കല്‍ കോളജായി ഉയർത്തിയെങ്കിലും കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല. മെഡിക്കല്‍ കോളജെന്ന പേരുണ്ടെന്നല്ലാതെ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ അഞ്ച് വർഷം പിന്നിട്ടിട്ടും ഒരുക്കാൻ സർക്കാരിനായിട്ടില്ല.

 

മെഡിക്കല്‍ കോളജിനാവശ്യമായ സ്ഥലം ഇപ്പോഴും ലഭിക്കാത്തതും പ്രതിസന്ധിയാണ്. മെഡിക്കല്‍ കോളജിനായി മുന്പ് മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 

കാടിറങ്ങുന്ന ജീവികള്‍

 

ജില്ല നേരിടുന്ന ഏറ്റവും ഗുരുതരവും സങ്കീർണവുമായ പ്രശ്നങ്ങളിലൊന്നാണ് വന്യമൃഗശല്യം. സമീപവർഷങ്ങളില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിരവധി മനുഷ്യജീവനുകള്‍ പൊലിയുകയും വലിയ തോതില്‍ കൃഷിനാശം സംഭവിക്കുകയും ചെയ്തതോടെ ഈ വിഷയം കടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ക്കും നിയമപരമായ ചർച്ചകള്‍ക്കും കാരണമായിട്ടുണ്ട്.

 

കർണാടകയിലെ ബന്ദിപ്പുര, നാഗർഹോള, തമിഴ്നാട്ടിലെ മുതുമല എന്നീ വന്യജീവി സങ്കേതങ്ങളുമായി വയനാടൻ വനങ്ങള്‍ അതിർത്തി പങ്കിടുന്നതിനാല്‍ അന്തർസംസ്ഥാന വന്യമൃഗങ്ങളുടെ സഞ്ചാരം വളരെ കൂടുതലാണ്. വന്യജീവികള്‍ നാട്ടില്‍ ഇറങ്ങുന്നതിന് പരിഹാരം കാണാൻ വനാതിർത്തികളില്‍ സൗരോർജ വേലികള്‍, കിടങ്ങുകള്‍, റെയില്‍ ഫെൻസിംഗ്, തൂക്ക് വേലി തുടങ്ങിയവ തീർക്കുകയും ഇവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുകയും വേണം.

 

കാടും നാടും വേർതിരിക്കുന്നതടക്കമുള്ള ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് ഒരുക്കേണ്ടത്. ഇതിനായി ബജറ്റില്‍ തുകവകയിരുത്തുമെന്ന പ്രതീക്ഷയിലാണ് കർഷകരടക്കമുള്ള സമൂഹം.

 

കർഷകർ അരങ്ങൊഴിയുന്ന വയനാട്

 

കേരളത്തിന്റെ കാർഷിക ഭൂപടത്തില്‍ തനതായ സ്ഥാനം അടയാളപ്പെടുത്തിയ ജില്ലയാണ് വയനാട്. എന്നാല്‍ കാർഷിക മേഖല മുന്പെങ്ങുമില്ലാത്തവിധം കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. വിപണിയിലെ വിലത്തകർച്ചയും ഉയർന്ന ഉത്പാദനച്ചെലവും കർഷകർക്ക് താങ്ങാവുന്നതിനും അപ്പുറമായി.

 

കാപ്പി, കുരുമുളക്, ഇഞ്ചി, അടയ്ക്ക തുടങ്ങിയ നാണ്യവിളകളുടെ വിപണി വിലയിലുണ്ടാകുന്ന വൻ ഇടിവ് കർഷകരെ കടക്കെണിയിലാക്കുന്നു. വളം, കീടനാശിനികള്‍, വിത്തുകള്‍ എന്നിവയുടെ വിലവർധനയും തൊഴിലാളികളുടെ കൂലിക്കൂടുതലും ഉത്പാദനച്ചെലവ് ക്രമാതീതമായി ഉയർത്തുന്നു.

 

വിളകളെ ബാധിക്കുന്ന പുതിയ തരത്തിലുള്ള രോഗങ്ങളും കീടബാധകളും കാർഷിക മേഖലയ്ക്ക് വെല്ലുവിളിയായി മാറി. കാർഷിക മേഖലയില്‍ പണിയെടുക്കാൻ തൊഴിലാളികളെ ലഭിക്കാത്തതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. തൊഴിലുറപ്പ് പദ്ധതി കൃഷിയിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നത് നേരിയതോതിലെങ്കിലും പരിഹാരമാകുമെന്നാണ് കർഷകർ പറയുന്നത്.

 

അന്തരീക്ഷ താപനിലയിലുണ്ടായ വർധനവ് കാപ്പി, കുരുമുളക്, ഏലം തുടങ്ങിയ വിളകളുടെ ഉത്പാദനത്തെ തകിടം മറിച്ചു. കർഷകർക്ക് പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് കർഷകർ.

 

പ്രതീക്ഷയില്‍ വിനോദസഞ്ചാരമേഖല

 

കേരളത്തിലെ ഏറ്റവും ജനപ്രിയമായ ഹില്‍ സ്റ്റേഷൻ ടൂറിസം കേന്ദ്രങ്ങളിലൊന്നാണ് വയനാട്. സമുദ്രനിരപ്പില്‍ നിന്ന് ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വർഷം മുഴുവൻ നീണ്ടുനില്‍ക്കുന്ന സുഖകരമായ കാലാവസ്ഥയാണ് വയനാടിന്റെ പ്രധാന ആകർഷണം. മണ്സൂണ് ടൂറിസവും പ്രാധാന്യമർഹിക്കുന്നു. വയനാടൻ വിനോദ സഞ്ചാരമേഖലയ്ക്ക് ആശ്വാസവും ആകർഷകവുമായ പ്രഖ്യാപനങ്ങളെ കാത്തിരിക്കുയാണ് വിനോദസഞ്ചാരമേഖല.

Leave a Reply

Your email address will not be published. Required fields are marked *