വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ചതെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്. വയനാടിന്റെ സാധ്യതകളെ ഇതുപോലെ പഠിക്കാനും കണ്ടെത്താനും വഴികാട്ടാനും നേതൃത്വം നല്‍കിയ സാഹചര്യം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

ഗോത്രവര്‍ഗ മേഖലയെ യുഡിഎഫ് സര്‍ക്കാര്‍ ചേര്‍ത്ത് നിര്‍ത്തിയതിന് തെളിവാണ് ബജറ്റില്‍ വയനാട് ട്രൈബല്‍ സര്‍വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും തുടങ്ങാനുള്ള തീരുമാനം. ആദിവാസി സമൂഹങ്ങളുടെ സവിശേഷമായ സാംസ്‌കാരിക പൈതൃകം, പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങള്‍, വികസനാഭിലാഷങ്ങള്‍ എന്നിവ ലോകത്തിന് പരിചയപ്പെടുത്താനുള്ള വിപ്ലവകരമായ നടപടിയാണിത്. ഗോത്രസമൂഹത്തിന്റെ തദ്ദേശപരമായ അറിവും സംസ്‌കാരവും നിലനിര്‍ത്താനുള്ള വിശാലമായ ദിശാബോധം ബജറ്റില്‍ പ്രകടമാണ്. ഗോത്ര വിജ്ഞാന വിസ്‌ഫോടനത്തിനുള്ള ഇടമായി സര്‍വകലാശാലയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.

 

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വയനാടിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. സുല്‍ത്താന്‍ബത്തേരി നിയോജകമണ്ഡലത്തില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് സ്ഥാപിക്കുന്നതിന് പ്രാരംഭ നടപടിയ്ക്കായി രണ്ട് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി മൈസൂര്‍ – നഞ്ചന്‍കോട് പാത (നിലമ്പൂര്‍) നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ നടപടിയ്ക്കായി 2 കോടി രൂപ വകയിരുത്തി. വയനാട് മെഡിക്കല്‍ കോളേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രത്യേക പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ട്. കൂടാതെ മൈസൂര്‍-നഞ്ചന്‍കോഡ്, പടിഞ്ഞാറേത്തറ- പൂഴിത്തോട് ബദല്‍ പാത, സ്‌പൈസ് പാര്‍ക്ക്, കോഫി പാര്‍ക്ക് എന്നിവയ്ക്കുള്ള തുക വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വാഴവറ്റ-എഴാംചിറ റോഡ്,പാത്തിക്കല്‍ പാലം തുടങ്ങിയ പദ്ധതികള്‍ക്കും ബജറ്റില്‍ തുക വകയിരുത്തി. പൊതുമരാമത്ത് വകുപ്പിന്റെ ബജറ്റില്‍ പള്ളിക്കുന്ന് വെണ്ണിയോട് റോഡ്, കല്‍പ്പറ്റ ജില്ലാ ആസ്ഥാന ഔട്ടര്‍ റിങ്ങ് റോഡ് എന്നീ റോഡുകളുടെ വികസനത്തിനായി 15 കോടി രൂപ വിലയിരുത്തിട്ടുണ്ടെന്നും മന്ത്രി ടി.സിദ്ദിഖ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *