കൊച്ചി: മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസ്കൗണ്ട് ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി.
.
80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന തരത്തിൽ സ്ഥാപിക്കുന്ന ബോർഡുകൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കോടതി അംഗീകരിച്ചു.
ഇത്തരം നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പുതിയ ലൈസൻസ് നേടുന്നതിനോ നിലവിലെ ലൈസൻസ് പുതുക്കുന്നതിനോ അപേക്ഷിക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന ഡിസ്കൗണ്ട് ബോർഡുകൾ പ്രദർശിപ്പിക്കില്ലെന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്ന വ്യവസ്ഥയും സർക്കുലറിലുണ്ട്.
സർക്കുലറിനെ ചോദ്യം ചെയ്ത് മെഡിക്കൽ ഷോപ്പ് ഉടമകൾ നൽകിയ ഹർജികൾ കോടതി തള്ളി. അതേസമയം സർക്കുലർ കർശനമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി അനുവദിക്കുകയും ചെയ്തു. സർക്കാരിന് വേണ്ടി സീനിയർ ഗവൺമെന്റ് പ്ലീഡ വി എസ് ശ്രീജിത്ത് ഹാജരായി.
