ചുണ്ടേൽ: ചുണ്ടേൽ ആർ.സി. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്., ഗൈഡ്സ്, വിമുക്തി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.
പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സീനിയർ ഡിവിഷൻ സിവിൽ ജഡ്ജുമായ ശ്രീമതി അനിത ആർ നിർവഹിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കൗമാരപ്രായക്കാരിൽ മയക്കുമരുന്ന് ഉപയോഗം സൃഷ്ടിക്കുന്ന മാനസിക-സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും പോലീസ് ഡിപ്പാർട്ട്മെന്റിലെ സൈക്കോളജിസ്റ്റ് ശ്രീമതി അനില വി. എബ്രഹാം ബോധവത്കരണ പ്രഭാഷണം നടത്തി.
തുടർന്ന്, “മയക്കുമരുന്നും നിയമങ്ങളും” എന്ന വിഷയത്തിൽ വയനാട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ പാനൽ അഭിഭാഷക അഡ്വ. പ്രസന്ന എൻ. വി. ക്ലാസ് നയിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും തടയുന്നതുമായി ബന്ധപ്പെട്ട നിയമവശങ്ങളും വിദ്യാർഥികൾ പാലിക്കേണ്ട മുൻകരുതലുകളും അവർ വിശദീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീ. അജിത് പി. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീമതി ദീപ മരിയ ദാസ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി ജെഷിയമോൾ ജോർജ്, ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ജിനി ജെയിംസ്, വിമുക്തി ക്ലബ് കോ-ഓർഡിനേറ്റർ ശ്രീമതി ജീന ലിബേര എന്നിവർ സംസാരിച്ചു
