എവറസ്റ്റ് വിശേഷങ്ങൾ; വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

മുട്ടിൽ: WOVHSS മുട്ടിൽ NSS യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എവറസ്റ്റ് വിശേഷങ്ങൾ എന്ന പരിപാടി വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. എവറസ്റ്റ് കീഴടക്കിയ വയനാടിൻ്റെ അഭിമാനം സുഹ്റ സിറാജാണ് വിദ്യാർത്ഥികൾക്ക് എവറസ്റ്റ് അനുഭവങ്ങൾ പകർന്ന് നൽകിയത്.

മഞ്ചേരി സ്വദേശിനിയും വയനാടിൻ്റെ മരുമകളുമായ സുഹ്റ എവറസ്റ്റ് കീഴടക്കുന്ന മൂന്നാമത്തെ മലയാളി വനിതയാണ്. പ്രതികൂല കാലാവസ്ഥയടക്കം നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് രണ്ട് കുട്ടികളുടെ അമ്മയായ ഈ നാൽപ്പതുകാരി തൻ്റെ സ്വപ്ന നേട്ടം കൈവരിച്ചത്. തീവ്രമായ ആഗ്രഹവും കഠിനമായ പരിശ്രമവും കൂടെയുണ്ടായാൽ ഒരു സ്വപ്നവും അകലെയല്ല എന്ന് സുഹ്റ തൻ്റെ അനുഭവങ്ങൾ കൊണ്ട് വിദ്യാർത്ഥികളെ പ്രചോദിപ്പിച്ചു.

മഞ്ചേരിയിലെ സ്കൂൾ പഠനകാലം മുതൽ തന്നെ കായിക മേഖലയോടും ട്രക്കിങ്ങിനോടും തത്പരയായിരുന്നു സുഹ്റ. വിവാഹ ശേഷവും അമ്മയായപ്പോഴും മല കയറണം എന്ന സ്വപ്നം കൊണ്ടു നടന്നു. എഞ്ചിനീയറിംങ് ബിരുദധാരിയായ സുഹ്റ 2017 ലാണ് മലകളെ കീഴടക്കാൻ തുടങ്ങിയത്.ഭർത്താവ് സിറാജിൻ്റെ നാടായ വയനാട്ടിലെ പച്ചപുതച്ച മലനിരകളും കുന്നിൻ പുറങ്ങളുമെല്ലാം അവർ താണ്ടി.മലമുകളിലേക്കുള്ള ഓരോ യാത്രയും പുതിയ അനുഭവങ്ങളും പാഠങ്ങളുമാക്കി കൂടുതൽ ഉയരങ്ങളെതാണ്ടാൻ സുഹ്റ കൊതിച്ചു.

എൻജിനീയറായ ഭർത്താവ് സിറാജിനൊപ്പം ബാംഗളൂരിൽ താമസമാക്കിയതോടെ പർവതാരോഹണ പരിശീലനങ്ങൾ കൂടുതൽ സജീവമായി. ഒടുവിൽ ലോകത്തിന് കണ്ണെത്താത്ത അത്രയും ഉയരത്തിലുള്ള എവറസ്റ്റും കീഴടക്കാൻ സുഹ്റയുടെ പരിശ്രമത്തിന് സാധിച്ചു.

സുഹ്റയുടെ അനുഭവങ്ങൾ വിദ്യാർത്ഥികൾക്ക് വലിയ ഉന്മേഷവും പ്രചോദനവും സമ്മാനിച്ചു.

NSS പ്രോഗ്രാം ഓഫീസർ സഫുവാൻ മാസ്റ്റർ, ലീഡർമാരായ മുഹമ്മദ് ഫാദിൽ, അഫ്ര ഫാത്തിമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *