നാളെ വയനാട് ജില്ലയിൽ സ്വകാര്യ ബസ് പണിമുടക്ക്

വൈത്തിരി :-ജില്ലയിലെ സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ (ജൂൺ 29, തിങ്കളാഴ്ച) വയനാട് ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളി യൂണിയനുകളും ചേർന്ന് സൂചനാ പണിമുടക്ക് നടത്തും. പണിമുടക്കിന്റെ ഭാഗമായി രാവിലെ 10 മണിക്ക് ബസുടമകളും തൊഴിലാളികളും കൽപറ്റ കലക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും നടത്തും.

സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി’ക്ക് ശേഷം ജില്ലയിലെ പ്രധാന റൂട്ടുകളിലെല്ലാം കെ.എസ്.ആർ.ടി.സി വലിയ തോതിൽ സർവീസുകൾ നടത്തുന്നത് സ്വകാര്യ ബസ് മേഖലയ്ക്ക് കനത്ത വരുമാന നഷ്ടമുണ്ടാക്കുന്നു എന്നാണ് ബസുടമകളുടെ പരാതി. ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും കണ്ടെത്താനാകാതെ ബസ് വ്യവസായം തകർച്ചയിലാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ലാഭകരമല്ലാത്ത സാഹചര്യത്തിൽ സർവീസുകൾ പൂർണ്ണമായി നിർത്തിവയ്ക്കുകയാണെന്ന് കാണിച്ച് ജില്ലയിലെ ഭൂരിഭാഗം സ്വകാര്യ ബസുകളും നാളെ മോട്ടോർ വാഹന വകുപ്പിന് ജി-ഫോം (G-Form) സമർപ്പിക്കും. നിലവിലെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ (ജൂലൈ 1 മുതൽ) ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുമെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *