ബില്ലിങ് കൗണ്ടറിലെ തിരക്ക്; വയനാട് മെഡിക്കല്‍ കോളേജില്‍ സിപിഐഎം പ്രതിഷേധം

മാനന്തവാടി: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തുന്നവരെ അധികൃതര്‍ പ്രയാസത്തിലാക്കുന്നതായി ആരോപിച്ച് സിപിഐ എം പ്രതിഷേധം. ബില്ലിങ് കൗണ്ടറില്‍ കൂടുതല്‍പെരെ വിന്യസിച്ച് തിരക്കൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. എല്ലാ ദിവസവും ബില്ലിങ് കൗണ്ടറിനുമുന്നില്‍ നീണ്ട നിരയാണ്. ശനിയാഴ്ച സര്‍വര്‍കൂടി പണിമുടക്കിയതോടെ ചികിത്സ തേടിയെത്തിയവര്‍ക്കും കൂടെവന്നവര്‍ക്കും ഇരട്ടി ദുരിതമായി. സര്‍വര്‍ തകരാറിലായതുകാരണം മാത്രം വിവിധ പരിശോധനകള്‍ക്കുള്ള പണമടക്കാന്‍ രണ്ടു മണിക്കൂറിലധികം വരി നില്‍ക്കേണ്ടി വന്നു.

ആശുപത്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ പണമിടപാടുകളും ഒരു കൗണ്ടറില്‍ മാത്രമായതിനാല്‍ മണിക്കൂറുകളോളമാണ് രോഗികളോ സഹായികളോ വരി നില്‍ക്കേണ്ടി വന്നത്. രണ്ട് ജീവനക്കാര്‍ മാത്രമാണ് ബില്ലിംഗ് കൗണ്ടറിലുണ്ടായിരുന്നത്. വിവരമറിഞ്ഞെത്തിയ സിപിഐ എം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആര്‍എംഒഡോ. ആര്‍ ജി ഫെസിന്റെ ക്യാബിനില്‍ പ്രതിഷേധവുമായെത്തി. അടിയന്തിരമായി ഒരു കൗണ്ടര്‍ കൂടി തുറന്ന് താത്ക്കാലിക പ്രശ്‌നം പരിഹരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. അടുത്ത ദിവസം മുതല്‍ അധിക ജീവനക്കാരെ ബില്ലിങ് കൗണ്ടറില്‍ നിയമിക്കുമെന്ന ഉറപ്പിന്‍മേല്‍ പ്രതിഷേധം അവസാനപ്പിച്ചു.

കെ ആര്‍ ജിതിന്‍, വി ബി ബബീഷ്, എ കെ റൈഷാദ്, ടി കെ സുരേഷ്, പി എന്‍ സുനീഷ്, ഹരീഷ് എരുമത്തെരുവ്, പി പി അജയന്‍ തുടങ്ങിയവര്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *