കൽപ്പറ്റ: കൃഷി വകുപ്പ് നടപ്പാക്കുന്ന നൂറു ദിന പരിപാടിയിൽ മുൻ സർക്കാരിന്റെ കാലത്ത് കൃഷിക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക വിതരണം കൂടി ഉൾപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
2021 മുതലുള്ള പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നഷ്ട പരിഹാരം 90 കോടിയോളം കർഷകർക്ക് ലഭിക്കാനുണ്ട്.
കാർഷിക കടാശ്വാസ കമ്മീഷന്റെ അവാർഡ് പ്രകാരം നൂറുകണക്കിന് കർഷകർ അവരുടെ വിഹിതം ബേങ്കുകളിൽ അടച്ചിട്ടും ബേങ്കുകൾക്ക് സർക്കാർ വിഹിതം നൽകാത്തതിനാൽ ബാങ്ക് അധികൃതർ പ്രമാണങ്ങൾ തിരിച്ചു നൽകാതെ ബേങ്കുകളിൽ തന്നെ പിടിച്ചുവെച്ചിരിക്കുകയാണ്. ഈ ഇനത്തിൽ ബേങ്കുകൾക്ക് സർക്കാർ വിഹിതം 227 കോടി രൂപ കിട്ടാനുണ്ട്.
സർക്കാറിന്റെ വിള ഇൻഷ്വറൻസ് വക മുൻ സർക്കാർ 32.73 കോടിയാണ് കുടിശ്ശികയാക്കിയത്. കാലാവസ്ഥ വിള ഇൻഷ്വറൻസ് പദ്ധതിയിലും 45.29 കോടി രൂപ സർക്കാറിൽ നിന്ന് കർഷകർക്ക് കിട്ടാനുണ്ട്.
പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റുമായി ആയിരക്കണക്കിന് കർഷകർ, കർഷക ക്ഷേമ ബോർഡിൽ ക്ഷേമനിധി വിഹിതം അടച്ചവരാണ്. സർക്കാർ വിഹിതം അടക്കാത്തതിനാൽ ക്ഷേമ ബോർഡിന്റെ ആനുകൂല്യം കർഷകർക്ക് ലഭിക്കുന്നില്ല. മുൻസർക്കാർ കർഷകർക്ക് ബാധ്യതയാക്കി
വെച്ച ആനുകൂല്യങ്ങളുടെ തുക കൃഷിവകുപ്പ് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തിയാൽ കൃഷിക്കാർക്ക് വളരെ ആശ്വാസമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
