മേപ്പാടി – മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ വിട്ടുമാറും മുൻപേ, മേപ്പാടി പഞ്ചായത്തിലെ ഇളമ്പലേരിയിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി സ്വകാര്യ വ്യക്തിയുടെ അനധികൃത കുളനിർമ്മാണം. അതീവ പരിസ്ഥിതിലോലമായ ഇളമ്പലേരിയിലെ ഏലത്തോട്ടത്തിലാണ് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് വൻതോതിൽ കുളങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
മേപ്പാടി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് ഈ നിയമവിരുദ്ധ നിർമ്മാണം നടക്കുന്നത്. ഇവിടെനിന്ന് ഉൽഭവിക്കുന്ന തോട് താഴെയുള്ള പതിനാറാം വാർഡിലെ എരുമല്ലിയിലെ ജനവാസ മേഖലയിലൂടെയാണ് ഒഴുകുന്നത്. നൂറിലധികം വീടുകളും നിരവധി തൊഴിലാളി ലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നിലവിൽ കടുത്ത ദുരന്തഭീഷണിയിലാണ്. കുന്നിൻചെരിവുകളിലെ
സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് മണ്ണും പാറക്കല്ലുകളും ഉപയോഗിച്ച് കെട്ടി നിർത്തിയിരിക്കുന്ന ഈ കുളങ്ങൾ ഒരു ‘മിനി ഡാം’ പോലെയാണ് പ്രവർത്തിക്കുന്നത്. ശക്തമായ മഴയിൽ മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ സമ്മർദ്ദം താങ്ങാനാവാതെ ഈ താൽക്കാലിക ബണ്ട് തകർന്നാൽ താഴെയുള്ള പ്രദേശങ്ങളെ അത് തുടച്ചുനീക്കുമെന്ന്
നാട്ടുകാർ ഭയപ്പെടുന്നു.
മുണ്ടക്കൈ ദുരന്ത മേഖലയുമായി ഭൂമിശാസ്ത്രപരമായി ഏറെ സാമ്യമുള്ള പ്രദേശമാണ് ഇളമ്പലേരി. യാതൊരുവിധ മുൻകൂർ അനുമതികളുമില്ലാതെയാണ് പശ്ചിമഘട്ട മലനിരകളിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അടിയന്തരമായി വില്ലേജ്, പഞ്ചായത്ത് അധികൃതരും ദുരന്തനിവാരണ അതോറിറ്റിയും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ കുളങ്ങൾ അടിയന്തരമായി പൊളിച്ചുനീക്കി സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.
