കാട്ടാന  ആക്രമണം; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

സുൽത്താൻ ബത്തേരി : വയനാട്ടിൽ ജനവാസ മേഖലകളിൽ വന്യജീവി ശല്യം രൂക്ഷമായി തുടരുന്നതിനിടെ, കാട്ടാന ആക്രമണത്തിൽ നിന്ന് സ്കൂട്ടർ യാത്രക്കാരിയായ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. നൂൽപ്പുഴ വടക്കനാട് വച്ച് പള്ളിവയൽ സ്വദേശി ജുബി (40) ആണ് ആനയുടെ മുൻപിൽ അകപ്പെട്ടത്. രാവിലെ 5.30-ഓടെ ജോലിക്കായി സ്കൂട്ടറിൽ ബത്തേരിയിലേക്ക് പോകുന്നതിനിടെ താമരക്കുളത്തിന് സമീപം വച്ചായിരുന്നു സംഭവം.

പാതയോരത്തുണ്ടായിരുന്ന കാട്ടാന തുമ്പിക്കൈ കൊണ്ട് സ്കൂട്ടർ അടിച്ചു വീഴ്ത്തുകയായിരുന്നു. റോഡിലേക്ക് വീണ ജുബിയുടെ ഇരു കാൽമുട്ടുകൾക്കും പരിക്കേറ്റു. സ്കൂട്ടർ തകർത്ത ശേഷം ആന കാട്ടിലേക്ക് കയറിപ്പോയതിനാലാണ് വൻ ദുരന്തം ഒഴിവായതും യുവതിക്ക് ജീവൻ തിരികെ ലഭിച്ചതും.

 

റോഡിൽ പരിക്കേറ്റു കിടന്ന ജുബിയെ ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് മുൻപും സമാനമായ രീതിയിൽ വന്യമൃഗങ്ങളുടെ സാന്നിധ്യവും ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

കാട്ടാനശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും വനമേഖലയോട് ചേർന്നുള്ള റോഡുകളിൽ സോളാർ വേലികളും ഡ്രൈവിങ് സുരക്ഷയും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

Leave a Reply

Your email address will not be published. Required fields are marked *