സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു

കോഴിക്കോട്: സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് അന്ത്യം. മലപ്പുറം ജില്ലയിലെ ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസ ഹാജിയുടെയും മാടമ്പി ഇയ്യാത്തുട്ടിയുടെയും മകനായി 1945ല്‍ ആയിരുന്നു ജനനം. 2013 മുതല്‍ കാസര്‍കോട് ജില്ലാ ഖാസിയായ ആലിക്കുട്ടി മുസ്ലിയാര്‍ 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജ് പ്രിന്‍സിപ്പല്‍ കൂടിയാണ്. 16 ാം വയസ്സില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട് ചെറുപ്പത്തിലേ നേതൃപാടവം തെളിയിച്ച വ്യക്തിത്വമാണ്. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍ നിന്ന് ഫൈസി ബിരുദം നേടിയതിന് ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്ക് മാറിയെങ്കിലും 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്ക് അധ്യാപകനായും പിന്നീട് 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായും നിയമിതനാവുകയായിരുന്നു. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്. 2016ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായത്. 2003 മുതല്‍ 2006 വരെ കേരള കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്ന അദ്ദേഹം 2006 മുതല്‍ 2009 വരെ ഇന്ത്യാ ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മന്ത്രിയല്ലാത്ത ഒരാള്‍ ചെയര്‍മാന്‍ പദവിയില്‍ ആദ്യമായി എത്തുന്നത് ആലിക്കുട്ടിമുസ്ലിയാരാണ്.

Leave a Reply

Your email address will not be published. Required fields are marked *