വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ട്രേഡ് ഫെയറും ഭക്ഷ്യമേളയും

മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് വയനാട് ജില്ലയിലെ ഏറ്റവും വലിയ ട്രേഡ് ഫെയറും ഒരുങ്ങുന്നു. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള അറുപതോളം സ്റ്റാളുകളും ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാരും കരകൌശവ വിദഗ്ധരും പങ്കെടുക്കുന്ന സ്റ്റാളുകളും കൊണ്ട് സമ്പന്നമാണ് ഡബ്ല്യുഎൽഎഫ് ട്രേഡ് ഫെയർ.
മധുബനി, ഗോണ്ട്, കലംകാരി തുടങ്ങി രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള നിരവധി കരകൌശല പാരമ്പര്യങ്ങളെക്കുറിച്ച് അടുത്തറിയാനും ഉത്പന്നങ്ങൾ വാങ്ങാനുമുള്ള അവസരമാണ് ട്രേഡ് ഫെയർ സമ്മാനിക്കുന്നത്.
ഭക്ഷ്യമേള, വിവിധ കലാപരിപാടികൾ എന്നിവയും നാലുദിവസത്തെ ലിറ്ററേച്ചർ ഫെസ്റ്റിവലിനൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ഇരുനൂറ്റിഅമ്പതോളം സാഹിത്യകാരൻമാരും കലാകാരൻമാരും സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ഫിലിം ഫെസ്റ്റിവൽ, പുസ്തകമേള, ആർട്ട് ബിനാലെ, സാഹിത്യ ക്വിസ്, പൈതൃക നടത്തം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ വിജ്ഞാന കളരി തുടങ്ങിയ പരിപാടികളും വിവിധ സ്റ്റേജുകളിലായി നടക്കും.
പൊതുജനങ്ങൾക്ക് സൌജന്യമായി വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാം. ഡെലിഗേറ്റ് പാസെടുക്കുന്നവർക്ക് 1000 രൂപ വിലയുള്ള പുസ്തകം ഉൾപ്പെടുന്ന ബാഗ്, പ്രത്യേക സെഷനുകളിലേക്കുള്ള പ്രവേശനം, ഡബ്ല്യുഎൽഎഫ് ടാഗ്, പുസ്തകശാലകളിൽ പത്തു ശതമാനം കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *