കേരളത്തിന്റെ ടൂറിസം മാപ്പില്‍ മഴയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. പ്രമോഷന്‍ വീഡിയോകളിലും ഇവന്റുകളിലും കേരളത്തിലെ മണ്‍സൂണിന് വലിയ പ്രാധാന്യം നല്കാറുണ്ട്.
എന്നാല്‍ മഴക്കാലത്ത് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ വരവ് താരതമ്യേന കുറവാണ്. 2018ലെ പ്രളയവും വയനാട് ദുരന്തവും സഞ്ചാരികളെ മഴക്കാല യാത്രയില്‍ നിന്ന് അകറ്റുകയും ചെയ്തു. ഈ വര്‍ഷം മണ്‍സൂണില്‍ വിനോദസഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
പശ്ചിമേഷ്യന്‍ സംഘര്‍ഷം സമാധാനത്തിന് വഴിമാറിയതും സഞ്ചാരികളുടെ വരവിനെ സ്വാധീനിച്ചേക്കും. വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതോടെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇത് വിദേശ സഞ്ചാരികളുടെ വരവിന് തടസമാണ്. എന്നാല്‍, യുദ്ധത്തിന്റെ അന്തരീക്ഷം മാറുന്നതോടെ കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ വിമാന കമ്പനികള്‍ തയാറാകും. ഇതുവഴി ടിക്കറ്റ് നിരക്കും താഴുമെന്നാണ് പ്രതീക്ഷ.
ആയുര്‍വേദ, സുഖചികിത്സയ്ക്കായി കേരളത്തിലേക്ക് കേരളത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് മഴക്കാലത്താണ്. ഗള്‍ഫിലെ പ്രതിസന്ധി ഇത്തവണ വരവ് കുറയ്ക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ശാശ്വത സമാധാനം കൈവരിച്ചാല്‍ സമ്പന്ന വിഭാഗത്തില്‍ നിന്നുള്ളവരുടെ വരവില്‍ വലിയ കുറവുണ്ടാകില്ലെന്നാണ് പ്രതീക്ഷ.
ആഭ്യന്തര യാത്രക്കാരില്‍ പ്രതീക്ഷ
മഴക്കാലത്ത് വീട്ടില്‍ തന്നെയിരിക്കുന്ന രീതി പലരും മാറ്റിയിട്ടുണ്ട്. ചെറുപ്പക്കാര്‍ കൂടുതല്‍ ട്രിപ്പിനായി തിരഞ്ഞെടുക്കുന്ന സമയമായി മണ്‍സൂണ്‍ കാലം മാറുന്നു. ഈ സമയത്ത് ഹോംസ്‌റ്റേ, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ നിരക്ക് കുറവാണെന്നതും യാത്രക്കാരുടെ മനംമാറ്റത്തിന് കാരണമാണ്.
എം.പി ശിവദത്തന്‍- ചെയര്‍മാന്‍, കേരള ഹോംസ്‌റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റികോവിഡിനുശേഷം സഞ്ചാരികളുടെ മനോഭാവം മാറി. സീസണ്‍ നോക്കി വരുന്നവര്‍ കുറഞ്ഞിട്ടുണ്ട്. മഴക്കാലത്ത് ആഭ്യന്തര സഞ്ചാരികള്‍ കൂടുതലായി എത്തുന്നു. ആയുര്‍വേദവും ഹോംസ്‌റ്റേകളും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഗുണംചെയ്തിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ കാലവര്‍ഷം കൂടുതല്‍ അപകടകരമാണെന്ന തരത്തില്‍ പുറംനാടുകളിലേക്ക് പ്രചരണം നടക്കുന്നത് ദോഷമാണ്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ സഹകരണം വേണം.
സീസണില്‍ തിരക്കിലമരുന്ന ടൂറിസം കേന്ദ്രങ്ങളിലെ ഒക്യുപന്‍സി നിരക്ക് മഴക്കാലത്ത് സാധാരണയായി 35-45 ശതമാനത്തിലേക്ക് താഴാറുണ്ട്. ഈ കുറവ് പരിഹരിക്കാന്‍ പ്രീമിയം റിസോര്‍ട്ടുകള്‍ 50% മുതല്‍ 65% വരെ വിലക്കിഴിവാണ് പാക്കേജുകളില്‍ നല്‍കുന്നത്.
ഡിസംബറില്‍ 14,000 രൂപ ഈടാക്കുന്ന മൂന്നാറിലെയും വയനാട്ടിലെയും ഒരു ലക്ഷ്വറി റൂം ജൂലൈ മാസത്തില്‍ 4,500-5,000 രൂപയ്ക്ക് ലഭ്യമാകും. ഇത് മിഡില്‍ ക്ലാസ്, കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ വലിയ രീതിയില്‍ ആകര്‍ഷിക്കുന്നു.
മണ്‍സൂണ്‍ ടൂറിസത്തിന്റെ നട്ടെല്ല് ആയുര്‍വേദ-വെല്‍നസ് പാക്കേജുകളാണ്. കര്‍ക്കടക ചികിത്സയ്ക്കായി ആഭ്യന്തര സഞ്ചാരികള്‍ക്ക് പുറമെ മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികളും വന്‍തോതില്‍ എത്തുന്ന സമയമാണിത്. യൂറോപ്യന്‍ സഞ്ചാരികളുടെ വരവ് ഗള്‍ഫ് രാജ്യങ്ങള്‍ വഴിയായിരുന്നു.
യുദ്ധംമൂലം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ യൂറോപ്പില്‍ നിന്നുള്ളവരുടെ വരവ് തീരെ കുറവായിരുന്നു. യുദ്ധസാഹചര്യം മാറിയതോടെ കൂടുതല്‍ യൂറോപ്യന്‍ സഞ്ചാരികള്‍ ഇക്കാലയളവില്‍ സുഖചികിത്സയ്ക്കായി എത്തുമെന്നാണ് പ്രതീക്ഷ.
