പ്രകൃതിയോടുള്ള സമീപനത്തിൽ വന്ന മാറ്റമാണ് മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനം; സംഷാദ് മരക്കാർ

വൈത്തിരി: പ്രകൃതിയുടെയും ആവാസ വ്യവസ്ഥയുടെയും നിലനിൽപ്പിനുതന്നെ ദോഷകരമാകുന്ന ഇടപെടലുകളാണ് ജനവാസ മേഖലയിലെ മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ അടിസ്ഥാനമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. പൂക്കോട് വെറ്ററിനറി കോളേജിൽ നടക്കുന്ന അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവിന്റെ നാലാം ദിനം സംഘടിപ്പിച്ച ‘മനുഷ്യ- വന്യജീവി സംഘർഷം; പൊതുജന കാഴ്ചപാടുകൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വന്യജീവി സംഘർഷങ്ങൾ അധികമുള്ള നാടാണ് നമ്മുടെ ജില്ല. കൃഷി നാശങ്ങൾക്ക് പുറമെ ആൾ നാശവും വന്യജീവികളുടെ ആക്രമണം മൂലം ഉണ്ടാകാറുണ്ട്. വയനാട് ജില്ലയുടെ സ്വാഭാവികമായ ജൈവീകത വലിയതോതിൽ നഷ്ടമാകുന്ന കാര്യം പൊതു ചർച്ചയാകണം. മഞ്ഞക്കൊന്ന പോലുള്ള അധിനിവേശ സസ്യങ്ങൾ കാടിന്റെ സ്വാഭാവികതയെ തകർക്കുന്നു. ഇത് തടയണം. വന്യജീവികളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കപ്പെടണം. മാറി വരുന്ന സർക്കാരുകളുടെ കർമ്മ പദ്ധതികൾക്കും അപ്പുറത്തേക്ക് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമായാണ് ഈ വിഷയത്തെ നമ്മൾ കാണേണ്ടത്. എങ്കിൽ മാത്രമേ, മനുഷ്യ മേഖലയിലുള്ള വന്യജീവി സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു.’- അദ്ദേഹം പറഞ്ഞു.

സെമിനാറിൽ, ജില്ലയിലെ മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ കഴിഞ്ഞ 30 വർഷത്തെ പ്രവണതകൾ, മനുഷ്യ- വന്യജീവി സംഘർഷം; നിലവിലെ സാഹചര്യങ്ങൾ, സംഘർഷ ലഘൂകരണത്തിനായുള്ള മാർഗങ്ങൾ, പൊതുജന പങ്കാളിത്തത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ സൗത്ത് ഡിഎഫ്ഒ അജിത്ത് കെ രാമൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയ, കേരള കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. എം ഷാജി, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ (റിട്ട.) ഡോ. ഇ കെ ഈശ്വരൻ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങൾ, വിദ്യാർത്ഥികൾ, കർഷകർ, പൊതുജനങ്ങൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു. കന്നുകാലി, മൃഗ സംരക്ഷണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 29ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *