പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തം; ടൗണ്‍ഷിപ്പ്: സര്‍വേ തുടങ്ങി, അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കും

കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന് കല്‍പ്പറ്റയ്ക്ക് സമീപം ഏറ്റെടുക്കുന്ന
എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂര്‍ വിലനിര്‍ണയ സര്‍വേ തുടങ്ങി. അഞ്ച് ദിവസത്തിനകം പൂര്‍ത്തിയാക്കും. ടൗണ്‍ഷിപ്പ് സ്‌പെഷല്‍ ഓഫീസര്‍ ഡോ.ജെ.ഒ. അരുണ്‍, എഡിഎം കെ. ദേവകി, എല്‍എ ഡെപ്യൂട്ടി കളക്ടര്‍ പി.എം. കുര്യന്‍, സ്‌പെഷല്‍ തഹസില്‍ദാര്‍ ബി. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ 10 ടീമുകളാണ് സര്‍വേ നടത്തുന്നത്. റവന്യു, വനം, കൃഷി ജീവനക്കാരും സര്‍വേ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് സര്‍വേ സംഘം. ഒരു ടീം അഞ്ച് ഹെക്ടര്‍ സ്ഥലം മാര്‍ക്ക് ചെയ്ത് നല്‍കും. പുനരധിവാസത്തിനും നിര്‍മാണത്തിനും യോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനുശേഷമുള്ള സ്ഥലമാണ് ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുക. പുനരധിവാസത്തിനു ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്റേഷന്‍ പ്രവര്‍ത്തനത്തിനു
അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയാകുന്നതോടെ ടൗണ്‍ഷിപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാവും. എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പ് കല്‍പ്പറ്റ നഗരസഭാ പരിധിയിലാണ്. മേപ്പാടി നെടുമ്പാലയില്‍ ഹാരിസണ്‍സ് പ്ലാന്റേഷനില്‍നിന്നു ഏറ്റെടുക്കുന്ന ഭൂമിയിലാണ് രണ്ടാമത്തെ ടൗണ്‍ഷിപ്പ് സജ്ജമാക്കുക, ഭൂമി വിലയിലെ വ്യത്യാസം കണക്കിലെടുത്ത് ഒരു കുടുംബത്തിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ചും നെടുമ്പാലയില്‍ പത്തും സെന്റാണ് നല്‍കുക. വീടുകള്‍ക്ക് പുറമേ വിനോദത്തിനുള്ള സൗകര്യം, മാര്‍ക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, വൈദ്യുതി, കുടിവെള്ളം, ശുചിത്വ സംവിധാനങ്ങളും ടൗണ്‍ഷിപ്പില്‍ സജ്ജമാക്കും. പുനരധിവാസത്തിനുശേഷവും ദുരന്തമേഖലയിലെ ഭൂമിയുടെ ഉടമാവകാശം അതത് വ്യക്തികള്‍ക്കായിരിക്കും. ഉരുള്‍വെള്ളം ഒഴുകിയ ഭൂമി കാടുപിടിക്കാതിരിക്കാന്‍ കളകടീവ് ഫാമിംഗ് പോലുള്ള ഉത്പാദന ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത പരിഗണിക്കും. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ജനുവരി 25നകം പുറത്തിറക്കും. അതിജീവിതര്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഒരുക്കുന്നതിന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയാറാക്കിയ മൈക്രോ പ്ലാന്‍ സര്‍വേയിലൂടെ 79 പേര്‍ മൃഗസംരക്ഷണ മേഖലയും 192 പേര്‍ കാര്‍ഷിക മേഖലയും 1,034 പേര്‍ സൂക്ഷ്മ സംരംഭങ്ങളും 585 പേര്‍ മറ്റ് വരുമാന പ്രവര്‍ത്തനങ്ങളുമാണ് തെരഞ്ഞെടുത്തത്. പ്രത്യേക പരിഗണന നല്‍കേണ്ട സ്ത്രീകള്‍ മാത്രമുള്ള 84 കുടുംബങ്ങളെയും വിധവകള്‍ മാത്രമുള്ള 38 കുടുംബങ്ങളെയും കുട്ടികള്‍ മാത്രമുള്ള മൂന്നു കുടുംബങ്ങളെയും വയോജനങ്ങള്‍ മാത്രമുള്ള നാല് കുടുംബങ്ങളെയും ഒരംഗം മാത്രമുള്ള 87 കുടുംബങ്ങളെയും മൈക്രോ പ്ലാനിലൂടെ കണ്ടെത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *