കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ ബത്തേരി മണിച്ചിറ എന്‍.എം. വിജയന്‍, മകന്‍ ജിജേഷ് എന്നിവര്‍ വിഷം അകത്തുചെന്നു മരിച്ച സംഭവത്തില്‍ ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ എന്നവര്‍ വെവ്വേറെ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസിലെ മറ്റൊരു പ്രതി കെ.കെ. ഗോപിനാഥന്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമത്തിലാണെന്നാണ് വിവരം.
മരണത്തിനുമുമ്പ് വിജയന്‍ എഴുതിയ കത്തുകളില്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് ആത്മഹത്യ പ്രേരണയ്ക്ക് പോലീസ് കേസെടുത്തത്. ഇതിനു പിന്നാലെ ജില്ലയില്‍നിന്നു മാറിയ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയായിരുന്നു.കഴിഞ്ഞയാഴ്ചയാണ് ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത് ഇത് വീണ്ടും പരിഗണിക്കുന്നതിന് ഇന്നേക്കു മാറ്റിയ കോടതി അതുവരെ അറസ്റ്റ് പാടില്ലെന്ന് പോലീസിനു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു.കേസില്‍ ഉള്‍പ്പെട്ടവര്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിക്കുമോ എന്നറിയാനുള്ള ഉത്കണ്ഠയിലാണ് ജില്ലയിലെ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും. കോടതി ജാമ്യാപേക്ഷ തള്ളുന്ന സാഹചര്യമുണ്ടായാല്‍
ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. അപ്പച്ചന്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നതിന്റെ ധാര്‍മികത ചോദ്യം ചെയ്തും ബാലകൃഷ്ണന്‍ എംഎല്‍എ പദവി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും എല്‍ഡിഎഫ് സമരമുഖത്താണ്. ഇന്ന് ബാലകൃഷ്ണന്റെ കേണിച്ചിറയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഐ പുല്‍പ്പള്ളി, ബത്തേരി മണ്ഡലം കമ്മിറ്റികള്‍ തീരുമാനിച്ചിട്ടുണ്ട്.
എന്‍.എം. വിജയന്റെ മരണം:മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്ന് പരിഗണിക്കും
