കൽപ്പറ്റ: സമയബന്ധിത കസ്റ്റഡിയിൽ അടുത്ത 3 ദിവസവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതുൾപ്പെടെയുള്ള കർശന ഉപാധികളോടെ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചു എന്നതിനർഥം കേസ് ഇല്ലാതായി എന്നല്ലെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. എൻ എം വിജയൻ്റേയും മകൻ്റേയും മരണവും അദ്ദേഹം എഴുതി വെച്ച മരണക്കുറിപ്പും കോൺഗ്രസ് നേതാക്കൾ നടത്തിയ കോടികളുടെ തട്ടിപ്പും ഇല്ലാതാകുന്നില്ല. ഐ സി ബാലകൃഷ്ണൻ ഒന്നാം പ്രതിയായ കേസ് മുന്നോട്ട് പോകും. ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അഞ്ച് പതിറ്റാണ്ട് കാലം കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച എൻ എം വിജയൻ്റേയും ഭിന്നശേഷിക്കാരനായ മകൻ്റേയും മരണത്തിന് ഉത്തരവാദിയായി അടുത്ത 3 ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥയിലും എംഎൽഎ സ്ഥാനത്ത് ഐ സി ബാലകൃഷ്ണൻ തുടരുന്നതിൽ എന്ത് ന്യായീകരണമാണുള്ളത്. അടിയന്തിരമായി രാജി വെച്ചൊഴിയുകയാണ് വേണ്ടത്.
കോടതിയിൽ അങ്ങേയറ്റം മോശമായാണ് എൻ എം വിജയനെ കോൺഗ്രസ് നേതാക്കളായ പ്രതികൾ ചിത്രീകരിച്ചത്. കുടുംബത്തോടൊപ്പമാണ് എന്ന് കോൺഗ്രസ് നേതാക്കൾ പറയുകയും കോടതിയിൽ മോശക്കാരനായി എൻ എം വിജയനെ ചിത്രീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അപഹാസ്യമാണ്. എൻ എം വിജയനെക്കുറിച്ച് കോടതിയിൽ പറഞ്ഞ അഭിപ്രായം തന്നെയാണോ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാട് എന്ന് വ്യക്തമാക്കാൻ തയ്യാറാകണമെന്നും കെ റഫീഖ് ആവശ്യപ്പെട്ടു.
