മേപ്പാടി: മുട്ടിൽ കുട്ടമംഗലം സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസുകാരൻ വിഴുങ്ങിയ രണ്ടര ഇഞ്ച് നീളമുള്ള ആണി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വെച്ച് പുറത്തെടുത്തു. വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് ആണി വിഴുങ്ങുകയായിരുന്നു. മൂത്ത കുട്ടിയാണ് വിവരം മാതാപിതാക്കളെ അറിയിച്ചത്. തുടർന്ന് പനിയുടെ ലക്ഷണങ്ങളോടെ കുട്ടിയെ കൽപ്പറ്റ ജനറൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേ എടുത്തപ്പോൾ ആണിയുടെ സ്ഥാനം മാറാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സക്കായി മൂപ്പൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഉദര- കരൾ രോഗവിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ടി ശ്രീനിവാസ് റെഡ്ഡിയാണ് ചെറുകുടലിൻ്റെ തുടക്കഭാഗം കുത്തിനിന്ന ആണി എൻഡോസ്കോപ്പിലൂടെ പുറത്തെടുത്തത്. സാധാരണ അന്യ വസ്തുക്കൾ വിഴുങ്ങുമ്പോൾ തൊണ്ടയുടെ ഭാഗത്തു നിന്നും ഇറങ്ങി കഴിഞ്ഞാൽ അണുബാധ ഉണ്ടാകുന്നത് വരെ മറ്റു ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. ഘട്ടങ്ങളിൽ ചെറുകുടലിൻ്റെ അകത്തേക്ക് ഇവ കടന്നാൽ എൻഡോസ്കോപ്പിയിലൂടെ നീക്കം ചെയ്യാൻ കഴിയാതെ വരികയും തുറന്ന ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. കുട്ടികളുടെ സർജൻ പ്രൊ. വിനോദ് പ്രേം സിംഗ്, ഗാസ്ട്രോ സർജൻ ഡോ. ശിവപ്രസാദ് കെ വി നിർദ്ദേശിച്ച വിഭാഗങ്ങളോടൊപ്പം അനസ്തേഷ്യയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. ആരതി ബാലകൃഷ്ണൻ, എൻഡോസ്കോപ്പി ടെക്‌നീഷ്യൻമാരായ അനഘ എ, കൃഷ്ണേന്ദു രാജേന്ദ്രൻ, എന്നിവർ ഡോ. ശ്രീനിവാസിനൊപ്പം ഉണ്ടായിരുന്നു. അണുബാധ സാധ്യതയുള്ളതിനാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചു.
