കൽപ്പറ്റ :- ജില്ലയിൽ നൂറു കണക്കിന് സ്ത്രീകളെ പാതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്നു വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും എസ്. ഡി. പി. ഐ ജില്ലാ സെക്രട്ടറി ബബിത ശ്രീനു ആവശ്യപ്പെട്ടു. വഞ്ചിക്കപ്പെട്ടവരിൽ മഹാ ഭൂരിഭാഗവും പാവപ്പെട്ട വീട്ടമ്മമാരാണ്. വിവിധ രൂപത്തിലും ഭാവവത്തിലും നൂതനചതിക്കുഴികൾ സമൂഹത്തിൽ വ്യാപകമാവുന്നത് ഭരണ സംവിധാനത്തിൻ്റെ പോരായ്മയാണ്. മാസങ്ങളോളം ഓൺലൈൻ മാധ്യമങ്ങളിലടക്കം പരസ്യങ്ങൾ നിറഞ്ഞുനിന്നിട്ടും സർക്കാർ സംവിധാനങ്ങളുടെ ജാഗ്രതക്കുറവാണ് പ്രതികൾക്ക് അനുകൂല സാഹചര്യം ഒരുക്കിയത്. വിവിധ രാഷ്ട്രീയ-സാംസ്കാരീക നേതൃത്വങ്ങളും ജനപ്രതിനിധികളും ഈ സാമ്പത്തിക വഞ്ചനക്ക് കൂട്ടുനിന്നതായ വാർത്തകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇത്തരം ഇടപെടലുകളിലൂടെയാണ് പല തട്ടിപ്പുകൾക്കും സമൂഹത്തിൽ വിശ്വാസ്യതയും സ്വീകാര്യതയും ലഭിക്കുന്നത്. സർക്കാർ സംവിധാനങ്ങൾ ജാഗ്രത പുലർത്തുകയും സമൂഹ സേവനമെന്ന പേരിൽ നടത്തപ്പെടുന്ന എല്ലാ സഹായങ്ങൾക്കും സർക്കാർ അനുമതി നിർബന്ധമാക്കുകയും ചെയ്യണമെന്ന് ബബിത ശ്രീനു ആവശ്യപ്പെട്ടു.
