കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്ന് എസ്‌ഡിപിഐ വയനാട് ജില്ലാ കമ്മറ്റി. പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര – സംസ്ഥാന സർക്കാറുകളുടെ ഉദാസീനതയ്ക്കും നിഷ്ക്രിയ നിലപാടുകൾക്കെതിരെ ജനകീയ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇരകളായ മുഴുവൻ കുടുംബങ്ങളെയും ഉടൻ പുനരധിവസിപ്പിക്കുക, ഭൂമി നഷ്ടമായ മുഴുവൻ ആളുകൾക്കും ഭൂമി നൽകുക, വീട് നിർമാണ മേൽനോട്ടത്തിന് ജനകീയ സമിതിയെ നിയോഗിക്കുക, ദുരന്തമേഖലയിലെ ശേഷിക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ജനകീയ സമരം സംഘടിപ്പിക്കുന്നത്. സമരപരിപാടികളുടെ ഭാഗമായി ഫെബ്രുവരി 14 , 15 തീയ്യതികളിൽ കൽപ്പറ്റ മണ്ഡലത്തിൽ വാഹന പ്രചരണ ജാഥയും ജില്ലയിൽ നോട്ടീസ് വിതരണവും ഒപ്പ് ശേഖരണവും നടത്തും. 18 ന് മേപ്പാടിയിൽ ദുരന്തബാധിതരുടെ സംഗമം സംഘടിപ്പിക്കും. 21ന് മേപ്പാടിയിൽ ജനകീയ സമര പ്രഖ്യാപന സംഗമവും സംഘടിപ്പിക്കും. കേന്ദ്ര ബജറ്റിൽ വയനാട് ദുരന്തത്തിന് പരിഗണന ലഭിക്കാത്തത് ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണ്. പുനരധിവാസ പദ്ധതിക്ക് 2219 കോടി രൂപ ചെലവ് കണക്കാക്കിയ സംസ്ഥാന സർക്കാർ 750 കോടി രൂപമാത്രമാണ് ബജറ്റിൽ വകയിരുത്തിയത്. ദുരന്തത്തിൽ 1555 വീടുകൾ വാസയോഗ്യമല്ലാതായി. എന്നാൽ ആദ്യഘട്ട ഗുണഭോക്തൃ പട്ടികയിൽ 242 പേർ മാത്രമാണുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾ ദുരന്തബാധിതരോട് പുറംതിരിഞ്ഞ് നിൽക്കുകയാണെന്നും എസ്ഡിപിഐ ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ പ്രസിഡൻ്റ് എ യൂസുഫ്, ട്രഷറർ കെ പി സുബൈർ, മീഡിയ കേ – ഓർഡിനേറ്റർ ടി പി അബ്ദുൾ റസാക്ക്, കൽപ്പറ്റ മണ്ഡലം പ്രസിഡൻ്റ് അബ്ദുൾ കരീം മുട്ടിൽ എന്നിവർ പങ്കെടുത്തു.
