കൽപ്പറ്റ : ജില്ലയിലെ ആദിവാസിമേഖലകൾ കേന്ദ്രീകരിച്ച് സർക്കാർ അനുമതിയില്ലാതെ ആർത്തവസംബന്ധമായ ആരോഗ്യ പരീക്ഷണം നടന്നതായുള്ള ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മാനന്തവാടിയിലെ ആദിവാസി ഊരുകളിലാണ് മെൻസ്ട്രുവൽ ഹെൽത്ത് കിറ്റ് പരീക്ഷിക്കാൻ അമേരിക്കയിലെ ഒരു സ്ഥാപനം നീക്കം നടത്തിയതായി ആക്ഷേപമുയർന്നത്. വയനാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ആലപ്പുഴ ഗവ. എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ഒരു സെമിനാറിലാണ് സ്ത്രീകളുടെ ആർത്തവചക്രം സംബന്ധിക്കുന്ന വിവരങ്ങളറിയാൻ ഒരു ഇലക്ട്രോണിക് ഉപകരണത്തിന്റെ പരീക്ഷണം നടന്നത് . കഴിഞ്ഞ 20 മുതൽ 22 വരെയാണ് ‘ഉദ്യമ’ എന്ന പേരിൽ സെമിനാർ നടന്നത്. അമേരിക്ക ആസ്ഥാനമായുള്ള ലാബിന്റെ പരീക്ഷണമാണ് നടന്നതെന്ന് പറയുന്നു. ഇതിനു ശേഷം മാനന്തവാടിയിലെ ആദിവാസി മേഖലയിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചതായി മനസിലാക്കുന്നു. ആദിവാസി ഊരുകളിലെ സ്ത്രീകൾക്കിടയിൽ ഉപകരണം പരീക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ആദിവാസി സ്ത്രീകൾക്കിടയിൽ ഉപകരണം വിതരണം ചെയ്തോ എന്നറിയില്ല. ഇത് ഒരു ബയോ ഇലക്ട്രോണിക് ഡിവൈസാണ്. ഒരു മോതിരം പോലെ വിരലിൽ അണിയണം. കോളേജ് വിദ്യാർത്ഥിനികൾക്ക് ഇത് നൽകിയിട്ടുണ്ട്. കോളേജിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ഇപ്പോൾ നടക്കുന്നത് ട്രയൽ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എഞ്ചിനീയറിംഗ് കോളേജ് അധികൃതർ ആദ്യം പട്ടികവർഗ വകുപ്പിനെ പരീക്ഷണത്തിനായി സമീപിച്ചിരുന്നു. വകുപ്പ് 9 നിർദ്ദേശങ്ങൾ നൽകി. ആദിവാസി മേഖലയിൽ നടത്തുന്ന പരീക്ഷണങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ അനുമതി വേണം എന്നായിരുന്നു പ്രധാന നിർദ്ദേശം.. എന്നാൽ ആരോഗ്യവകുപ്പ് അനുമതി നൽകിയില്ല. ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെ സർവ്വേ നടത്തിയെന്നാണ് ആരോപണം. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിർമ്മിച്ച ഉപകരണമായതിനാൽ നിർമ്മാതാക്കൾക്ക് എവിടെയിരുന്നും വിവരങ്ങൾ ശേഖരിക്കാമെന്നും ആക്ഷേപമുണ്ട്. ഏപ്രിൽ 8ന് സുൽത്താൻ ബത്തേരി പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
