തിരുവനന്തപുരം: പൊതുവിദ്യാലയങ്ങള്‍ വേനലവധിക്കാലത്ത് ക്ലാസ് നടത്തരുതെന്ന നിര്‍ദ്ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഹൈക്കോടതിയും പൊതുവിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വരെയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാണ്. ക്ലാസുകള്‍ വിലക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ്കുമാര്‍, കമ്മീഷന്‍ അംഗം ഡോ എഫ് വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഹൈക്കോടതി വിധിപ്രകാരമുള്‌ല അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായിരിക്കും. സിബിഎസ്ഇ റീജണല്‍ ഡയറക്ടറും ഐസിഎസ്ഇ ചെയര്‍മാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതേ സമയത്ത് ക്ലാസ് നടത്താം. നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം. തിരുവനന്തപുരം പള്ളിപ്പുറം ശ്രീരാഗത്തില്‍ വികെ കവിതയുടെ ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി.
