സുൽത്താൻ ബത്തേരി: ആദിവാസി യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേറഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്നും എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി ആവശ്യപ്പെട്ടു. ഗോകുലിന്റെ വയലകൊല്ലി ഉന്നതിയിലെ കുടുംബത്തെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ടു വർഷങ്ങൾക്ക് മുമ്പ് പിതാവ് മരണപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു ഗോകുൽ. ഗോകുൽ ആത്മഹത്യ ചെയ്തതാണെന്ന് പറയുന്ന പോലീസ് എന്തുകൊണ്ട് പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയുള്ള സർക്കാർ ആശുപത്രിയിൽ കൊണ്ടുപോകാതെ ഗോകുലിനെ അകലെയുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എന്നുള്ളത് ദുരൂഹമാണ്. കുടുംബത്തിന് ഇപ്പോഴും കൃത്യമായ വിവരങ്ങൾ കൈമാറാൻ തയ്യാറാവുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ആദിവാസി ജീവൻ സാധാരണ മനുഷ്യരായി പരിഗണിക്കാൻ തയ്യാറല്ലാത്ത സമീപനം പോലീസ് അവസാനിപ്പിക്കണമെന്നും, ഗോകുലിന്റെ സഹോദരന് സർക്കാർ ജോലി നൽകാൻ തയ്യാറാകണമെന്നും റഷീദ് ഉമരി പറഞ്ഞു. ഉന്നതിയിലെ പണിയ വിഭാഗങ്ങൾക്ക് മതിയായ വിദ്യാഭ്യാസം പോലും ലഭിക്കാത്ത സാഹചര്യമാണെന്നും അവരുടെ അജ്ഞതയെ ചൂഷണം ചെയ്യുന്ന സമീപനം അധികൃതർ അവസാനിപ്പിക്കണം.ആദിവാസികളുടെ ജീവിത നിലവാരംu ഉയർത്തുന്നതിന് ബജറ്റിൽ കോടികൾ മാറ്റിവയ്ക്കാറുണ്ടെങ്കിലും അവരുടെ ക്ഷേമത്തിന് കാര്യക്ഷമമായി ഉപയോഗപ്പെടുത്താൻ മാറി മാറി വരുന്ന സർക്കാർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സമിതി അംഗം ടി നാസർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.എ. അയ്യുബ്, ഉസ്മാൻ സി എച്ച് സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് എം.അബുബക്കർ, സെക്രട്ടറി ശരീഫ് എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
വയലകൊല്ലി ഉന്നതിയിലെ ഗോകുലിന്റെ മരണം : കുടുംബത്തിന് അൻപത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകണം – എൻ.കെ റഷീദ് ഉമരി
