എൻ.എസ്.വി പക്ഷാചരണം: ജില്ലാതല ഉദ്ഘാടനവും പരിശീലനവും സംഘടിപ്പിച്ചു.

കൽപ്പറ്റ : സമൂഹത്തിൽ പുരുഷ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിംഗസമത്വം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ (നോ സ്കാൽപൽ വാസക്ടമി-എൻ.എസ്.വി) പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. പി ദിനീഷ് നിർവ്വഹിച്ചു. ദേശീയ ആരോഗ്യദൗത്യം പ്രോഗ്രാം മാനേജർ ഡോ സമീഹ സൈതലവി, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ഷിജിൻ ജോൺ ആളൂർ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ. സുഷമ പി എസ്, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ടെക്നിക്കൽ അസിസ്റ്റൻറുമാരായ കെ എം ഷാജി, കെ എച്ച് സുലൈമാൻ, ജില്ലാ പബ്ലിക്ക് ഹെൽത്ത്‌ നേഴ്സ് ഇൻ ചാർജ് നബീസ കെ എം തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ എൻ.എസ്.വി ശസ്ത്രക്രിയ ചെയ്യുകയും പുരുഷ കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്ത മീനങ്ങാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ പി കുഞ്ഞിക്കണ്ണനെ ചടങ്ങിൽ ആദരിച്ചു. പുരുഷ വന്ധ്യംകരണ ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ സാമൂഹ്യ പ്രസക്തിയെകുറിച്ചും ആരോഗ്യ-കുടുംബക്ഷേമ മാനങ്ങളെ കുറിച്ചും അദ്ദേഹം സൂപ്പർവൈസറി തല ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകി. ഏറ്റവും ലളിതവും സുരക്ഷിതവും ഫലപ്രദവുമായ സ്ഥിര പുരുഷ കുടുംബാസൂത്രണ മാർഗമാണ് എൻ എസ് വി. തീർത്തും വേദനാ രഹിതവും കുറഞ്ഞസമയം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതുമായ ഈ കുടുംബാസൂത്രണ മാർഗം സ്ത്രീകളിൽ നടത്തുന്ന താരതമ്യേന സങ്കീർണ്ണമായ സ്ഥിര കുടുംബാസൂത്രണ ശസ്ത്രക്രിയകൾ കുറയ്ക്കാൻ സാധിക്കുന്നു. കൂടാതെ കുടുംബാസൂത്രണ മാർഗ്ഗങ്ങളിൽ സ്ത്രീ – പുരുഷ സമത്വം ഉറപ്പുവരുത്താൻ സഹായിക്കുകയും ചെയ്യുന്നു. എൻ എസ് വി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള കൗൺസലിങ്ങും സൗകര്യങ്ങളും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *