കൽപറ്റ: വയനാട്- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്ക പാതയ്ക്കു കേന്ദ്രാനുമതി ഇനി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനു ശേഷം.കള്ളാടി ആനക്കാംപൊയിൽ ഇരട്ട തുരങ്ക പാതയുടെ പരിസ്ഥിതി ആഘാതത്തെ കുറിച്ച് കൂടുതൽ വിശദീകരണം തേടിയിരിക്കുകയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളിലൂടെയാണ് തുരങ്കപാത കടന്നു പോകുന്നതെന്നും വയനാട്ടിൽ കഴിഞ്ഞവർഷം ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം പാത കടന്നു പോകുന്നതിനു സമീപമാണെന്നും മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തൽ സമിതി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് കൂടുതൽ വിശദീകരണം തേടിയത്. മറുപടി ലഭിക്കും വരെ പദ്ധതിക്കുള്ള കേന്ദ്ര അനുമതി നീട്ടിവച്ചു. ഏപ്രിൽ നാലിന് ചേർന്ന വിദഗ്ധ സമിതി യോഗത്തിലായിരുന്നു തീരുമാനം. വിശദമായ റിപ്പോർട്ട് വീണ്ടും പരിഗണിച്ച ശേഷമെ അനുമതി സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്നാണു മന്ത്രാലയത്തിൻ്റെ അറിയിപ്പ്. തുരങ്കപാത നിർമ്മാണത്തിന് മുന്നോടിയായി നടത്തിയ ജിയോളജി, ഉരുൾപൊട്ടൽ, വാട്ടർ ഡ്രെയ്നേജ് എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ റിപ്പോർട്ടും മന്ത്രാലയം തേടി. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും തടയാൻ സ്വീകരിക്കുന്ന നടപടികളും വിശദീകരിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2134 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സംസ്ഥാന വിദഗ്ധ വിലയിരുത്തൽ സമിതി 25 ഉപാധികളുടെ അനുമതി നൽകിയിരുന്നെങ്കിലും അന്തിമ അനുമതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ വിദഗ്ധ വിലയിരുത്തൽ സമിതിയുടെ പരിഗണനയിലെത്തുകയായിരുന്നു. ഉരുൾപൊട്ടൽ മേഖലകളുടെ മാപ്പിങ്, ആനത്താരയ്ക്കു പ്രത്യേക സംവിധാനം എന്നിവയെല്ലാം ഒരുക്കണമെന്നും സംസ്ഥാന സമിതി നിർദേശം നൽകിയിരുന്നു. കേരളത്തിന് സമർപ്പിച്ച റിപ്പോർട്ടിൻ ഈ നിർദേശങ്ങൾ ഇല്ലാതിരുന്നതും ചേർക്കാതിരുന്നതാണ് തിരിച്ചടിയായി.രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായി വിശേഷിപ്പിക്കപ്പെടുന്ന നിർദ്ദിഷ്ട തുരങ്കം പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെ കടന്നുപോകുന്നതാണ്. താമരശേരി ചുരത്തിനു ബദലായി തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ (സ്വർഗംകുന്ന്) മുതൽ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് പുതിയ തുരങ്കപ്പാത. ഈ തുരങ്കപാത ആനക്കാംപൊയിലിനും മേപ്പാടിക്കും ഇടയിലുള്ള ദൂരം 42 കിലോമീറ്ററിൽ നിന്ന് 20 കിലോമീറ്ററിൽ താഴെയായി കുറയ്ക്കുകയും ചെയ്യുന്നതാണ്.
