കൽപ്പറ്റ: ജില്ലയുടെ യാത്രാദുരിതത്തിന് അറുതിയാകുന്ന തുരങ്കപാതയ്‌ക്ക് അന്തിമ കേന്ദ്രാനുമതി നേടിയെടുത്ത് സംസ്ഥാന സർക്കാർ വയനാടിനെ വീണ്ടും ചേർത്തുപിടിക്കുകയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ജില്ലയ്‌ക്ക് ആഹ്ലാദം നൽകുന്ന പ്രധാനപ്പെട്ട തീരുമാനങ്ങളാണ് കഴിഞ്ഞദിവസം സർക്കാർ എടുത്തത്. തുരങ്കപാതയ്‌ക്ക് കേന്ദ്രാനുമതി നേടിയതിനൊപ്പം മനുഷ്യരുടെ ജീവനും കൃഷിക്കും ഭീഷണിയായ വന്യമൃഗങ്ങളെ കൊല്ലുന്നതിന് അനുമതി തേടാനുള്ള മന്ത്രിസഭാ തീരുമാനം അതിപ്രധാനമാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഭൂപ്രശ്‌നത്തിന് പരിഹാരം കണ്ടത് വിപ്ലവകരമായ നടപടിയാണ്. എഴുനൂറോളം കുടുംബങ്ങൾക്കാണ് ആശ്വാസമാകുന്നത്.
തുരങ്കപാത വയനാടിന്റെ യാത്രാദുരിതത്തിന് പരിഹാമാകുന്നതിനൊപ്പം മലബാറിന്റെയാകെ വികസനക്കുതിപ്പിന് വഴിയൊരുക്കും. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് പദ്ധതിക്കുള്ള കേന്ദ്രാനുമതി. ഉടൻ പ്രവൃത്തിയിലേക്ക് നീങ്ങും.
മനുഷ്യ–വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രാഖ്യാപിച്ചതിനു പിന്നാലെയാണ് മലയോരജനതയുടെ കണ്ണീരൊപ്പാനുള്ള തുടർനടപടി. നിയമനിർമാണം ഉൾപ്പെടെയുള്ള നിർദേശമാണ് സംസ്ഥാനം കേന്ദ്രത്തിനുമുന്നിൽ വയ്‌ക്കുന്നത്. വന്യമൃഗശല്യത്തിന് ശശാശ്വത പരിഹാരം കാണുന്നതിനായിട്ടാണ് നാട്ടിലിറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊല്ലാൻ അനുമതി തേടുന്നത്.
മക്കിമലയിലെയും പുതിയിടത്തെയും ആദിവാസികളുൾപ്പെടെയുള്ള സാധാരണക്കാരുടെ അവകാശമാണ് സംരക്ഷിക്കുന്നത്. പാട്ടഭൂമിയിൽ കുടിയേറിയ നൂറ്റമ്പതോളം കൈവശക്കാർക്ക് പട്ടയം നൽകാനും അഞ്ഞൂറിലധികം കൈവശക്കാർക്ക് ആധാരത്തിനനുസരിച്ച് പോക്കുവരവ് ചെയ്‌തു കരം ഒടുക്കാനുമുള്ള അനുമതി നൽകി ഉത്തരവിറക്കി. എഴുപതുകളിൽ തുടങ്ങിയ ഭൂപ്രശ്‌നത്തിനാണ് പരിഹാരം കണ്ടത്. ഭൂമിയിൽ ആളുകൾക്ക് വീടുവയ്‌ക്കാനോ, വായ്‌പ എടുക്കാനോ കഴിയുമായിരുന്നില്ല. പട്ടയം ഉണ്ടായിട്ടും ഭൂമിയിൽ താമസിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കലക്ടർക്ക് നിർദേശവും നൽകിയുണ്ട്.
മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ ജില്ലയെ എങ്ങിനെയാണ് സർക്കാർ ചേർത്തുപിടച്ചതെന്ന് നാട് കണ്ടതാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളുടെ പരിഹാരത്തിനും വികസന പദ്ധതികൾക്കുമുള്ള തുടർച്ചയായുള്ള ഇടപെടൽ ജില്ലയോടുള്ള സർക്കാരിന്റെ കരുതലാണെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
സർക്കാർ വയനാടിനെ ചേർത്തുപിടിക്കുന്നു: സിപിഐ എം
