ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണത്തിലെ അനാസ്ഥ: ജനകീയ പ്രക്ഷോഭം നടത്തും


കല്‍പ്പറ്റ: സി ആര്‍ ഐ എഫ് ഫണ്ടില്‍ 15 കോടി രൂപ ചിലവഴിച്ച് പ്രവര്‍ത്തി ആരംഭിച്ച ചെന്നലോട്-ഊട്ടുപാറ റോഡ് നിര്‍മ്മാണം ആരംഭിച്ച രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ കൊടുവള്ളിയിലെ ഓഫീസിലേക്ക് ജനകീയപ്രക്ഷോഭം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, രാധ പുലിക്കോട്, മുരളീധരന്‍, സോമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രി, വയനാട്ടില്‍ നിന്നുമുള്ള മന്ത്രിയായ ഒ ആര്‍ കേളു, എം പി, കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുന്നതിനും യോഗം തീരുമാനിച്ചു. ഒന്നര വര്‍ഷമായി പ്രവര്‍ത്തികള്‍ ഒന്നും തന്നെ നടക്കുന്നില്ല. വെണ്ണിയോട് ജലനിധി പമ്പ്ഹൗസ് മുതല്‍ കരിഞ്ഞകുന്ന് അങ്കണവാടി വരെ നാല് സ്ഥലങ്ങള്‍ ഇടിഞ്ഞ് റോഡ് തന്നെ പൂര്‍ണമായും ഇല്ലാതാവുന്ന സാഹചര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പിനും നാഷണല്‍ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കും നിരവധി പരാതികള്‍ നല്‍കുകയുണ്ടായി. എന്നാല്‍ ഇതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കടുത്ത അനാസ്ഥയാണ് ഉണ്ടായത്. കഴിഞ്ഞദിവസം ബോളര്‍ പാക്കിങ്ങിനായി ഇറക്കിയിരുന്ന നെറ്റ് പോലും കരാറുകാരന്‍ നാട്ടുകാര്‍ അറിയാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടു കൂടി കയറ്റി കൊണ്ടു പോവുകയാണ് ഉണ്ടായത്. 12 മീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ച് മീറ്റര്‍ ടാറിംഗ് ഒന്നാം ഘട്ടമാണ് പൂര്‍ത്തീകരിച്ചത്. പല ഭാഗങ്ങളിലും ടാറിങ്ങിനോട് ചേര്‍ന്ന് കെ എസ് ഇ ബി പോസ്റ്റുകള്‍ അപകടമായി സ്ഥിതി ചെയ്യുന്നുണ്ട്. ഇത് മാറ്റി സ്ഥാപിക്കുന്നതിനായി കെഎസ്ഇബി എസ്റ്റിമേറ്റ് സമര്‍പ്പിച്ചെങ്കിലും ഇതുവരെ തുക അടവാക്കിയിട്ടില്ല. മേല്‍ വിഷയവും നിരവധി തവണ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെടുത്തിയതാണ്. എന്നാല്‍ ഇതിനും തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. റോഡ് പൂര്‍ണമായും തകര്‍ന്നു. എസ്റ്റിമേറ്റ് റിവൈസ് ചെയ്തുകൊണ്ട് കരാറുകാരനെ സഹായിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് നാട്ടുകാരും സംശയിക്കുന്ന സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. അതിപ്രാധാന്യമുള്ള റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും റോഡിന്റെ സംരക്ഷണഭിത്തിയുടെയും മറ്റും പേര് പറഞ്ഞു പ്രവര്‍ത്തി അലക്ഷ്യമായി നീട്ടിക്കൊണ്ടുപോകുന്ന ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥിതിക്കെതിരെയാണ് സമരം. സര്‍വകക്ഷി യോഗത്തിലാണ് പ്രതിഷേധം നടത്താന്‍ തീരുമാനിച്ചത്. ഇതോടൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി, വയനാട്ടില്‍ നിന്നുമുള്ള മന്ത്രിയായ ഒ ആര്‍ കേളു, എം പി, കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ തുടങ്ങിയവര്‍ക്ക് പരാതി നല്‍കുന്നതിനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *