പടിഞ്ഞാറത്തറ: വയനാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് പദ്ധതി സർവ്വേ പൂർത്തിയാക്കി തുടർ നടപടികളിലേക്ക് കടന്നതോടെ പദ്ധതിയുടെ സാധ്യതയും, പുരോഗതിയും നേരിട്ട് വിലയിരുത്താൻ വയനാട് എം പി പ്രിയങ്കാ ഗാന്ധി സ്ഥലം സന്ദർശിച്ചു. പദ്ധതിയുടെ പുരോഗതിയും, പ്രശ്‌നങ്ങളും, എതിർപ്പുകളും നേരിട്ട് മനസ്സിലാക്കിയതായും എം.പി പറഞ്ഞു. വർഷങ്ങളായി ഇതിനായി പ്രവർത്തിച്ചുവരുന്നവരുമായി ആശയവിനിമയം നടത്തിയതായും അവർ വ്യക്തമാക്കി. പാതയുടെ സർവേ പൂർത്തിയായി പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിക്കാനായി അപേക്ഷിക്കാൻ പോകുകയാണ്. അതിനായി വേണ്ടത് ചെയ്യും. മേപ്പാടി ടണൽ റോഡിനെ കുറിച്ചും എം.പി വിശദീകരിച്ചു.
പരിസ്ഥിതിയും പ്രകൃതിയും സംരക്ഷിച്ചു കൊണ്ടു റോഡ് വികസിപ്പിക്കണം. വികസനവും പരിസ്ഥിതി സംരക്ഷണവും സംതുലനാവസ്ഥയിലായിരിക്കണം. ആളുകൾക്ക് ഇന്ന് ലഭ്യമാകാത്ത ആരോഗ്യ സൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും അവർക്കു ലഭ്യമാക്കുന്നതിനായി ഗതാഗത സൗകര്യം അത്യന്താപേക്ഷിതമാണ്. അതിനാൽ തന്റെ ശ്രമങ്ങൾ അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതായിരിക്കും.
