കൽപ്പറ്റ: ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തോട് ടി സിദ്ദിഖും കോൺഗ്രസും ആവർത്തിക്കുന്ന കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിയമനക്കോഴയുടെ ചതിയിൽ വീഴ്‌ത്തി മുൻ ഡിസിസി ട്രഷററെയും മകനെയും കൊലക്കയ്‌ക്ക് കൊടുത്ത കോൺഗ്രസ് അപവാദ പ്രചാരണം നടത്തി കുടുംബത്തെ വേട്ടയാടുന്നത് തുടരുകയാണ്.
കുടുംബം ബാധ്യത തീർക്കാനായി വിനിയോഗിച്ച പണം ബിസിനസിന് ഉപയോഗിച്ചുവെന്ന് ടി സിദ്ദിഖ് വ്യാജ പ്രചാരണം നടത്തിയതിനാലാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് പത്മജ മാധ്യമങ്ങളോട് വ്യക്തമാക്കി. കുടുംബത്തിന്റെ മുഴുവൻ കടവും ഏറ്റെടുക്കാമെന്ന് പറഞ്ഞ് വഞ്ചിച്ചു. കുടുംബവുമായി കോൺഗ്രസ് ഉണ്ടാക്കിയ കരാർ കൽപ്പറ്റയിലെ അഭിഭാഷകന്റെ ഓഫീസിൽ നിന്നും ടി സിദ്ദിഖ് മാറ്റിയെന്നും കുടുംബം പരാതി ഉന്നയിച്ചു. ബാധ്യത ഏറ്റെടുക്കാൻ സാധിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ളവരുടെ ഇപ്പോഴത്തെ വിശദീകരണം. കോൺഗ്രസിന്റെ ചതിയിൽപെട്ട് നേതാക്കളുടെ കുടുംബങ്ങൾക്കും പ്രവർത്തകർക്കും ജീവൻ അവസാനിപ്പിക്കേണ്ട സ്ഥിതി ജില്ലയെ അപകടത്തിലാക്കുകയാണെന്നും കോൺഗ്രസിന്റെ ക്രിമിനൽ സ്വഭാവം അവസാനിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.
എൻ എം വിജയന്റെ കുടുംബത്തോട് ടി സിദ്ദിഖും കോൺഗ്രസും ആവർത്തിക്കുന്ന കൊടുംക്രൂരത: സിപിഐ എം.
